കുൽഗാമിന് പിന്നാലെ രജൗറിയിലും ഭീകരാക്രമണം; സൈനികന് പരുക്ക്, ഭീകരർക്കായി തിരച്ചിൽ
Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിൽ കുൽഗാമിന് പിന്നാലെ രജൗറി ജില്ലയിലും ഭീകരാക്രമണം. ഞായറാഴ്ച പുലർച്ചെ മഞ്ചാക്കോട്ടെ മേഖലയിലെ ഗാലുത്തി ഗ്രാമത്തിൽ സൈനിക പോസ്റ്റിനുനേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ സൈനികനു പരുക്കേറ്റു. അരമണിക്കൂറോളം നീണ്ട വെടിവയ്‌പ്പിനെത്തുടർന്ന് ഭീകരർ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ശനിയാഴ്ച കുൽഗാം ജില്ലയിൽ രണ്ടിടങ്ങളിലായുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ്കുമാറുമാണ് വീരമൃത്യു വരിച്ചത്. മോദേർഗാം ഗ്രാമത്തിലും ഫ്രിസാൽ ചിന്നിഗാം പ്രദേശത്തും നടന്ന ഏറ്റുമുട്ടലിനിടെ രണ്ടിടത്തായി 7 ഭീകരരെയാണ് സൈന്യം വധിച്ചത്. ഹിസ്ബുൾ മുജാഹിദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദും മരിച്ച ഭീകരരിൽ ഉൾപ്പെടുന്നു. രണ്ടിടങ്ങളിലായി 6 ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സൈന്യം തിരച്ചിൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.