‘തമിഴ്നാട്ടിൽ ദലിത് വിഭാഗങ്ങൾ സുരക്ഷിതരല്ല’; ആംസ്ട്രോങ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മായാവതി

Mail This Article
ചെന്നൈ∙ ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുപി മുൻ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മായാവതി. ആംസ്ട്രോങ്ങിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയ മായാവതി, യഥാർഥ പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സ്റ്റാലിൻ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ പിടികൂടിയിരിക്കുന്നത് യഥാർഥ പ്രതികളല്ലെന്ന് ആരോപിച്ച മായാവതി, വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണെന്നും അറിയിച്ചു.
‘‘സംസ്ഥാനത്ത് ദലിത് വിഭാഗങ്ങൾ സുരക്ഷിതരല്ല. സർക്കാർ ക്രമസമാധാനം നില പരിപാലിക്കുന്നതിൽ ശ്രദ്ധ പുലർത്തണം. സംഭവത്തിൽ തമിഴ്നാട് സർക്കാരിൽനിന്നു നീതി ലഭ്യമാകുമെന്ന് ഉറപ്പില്ല.–’’ മായാവതി പറഞ്ഞു. വിഷയത്തിൽ ബിഎസ്പി നിശബ്ദത പാലിക്കില്ലെന്നും സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും ആംസ്ട്രോങ്ങിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ചേർന്ന യോഗത്തിൽ മായാവതി കൂട്ടിച്ചേർത്തു. പ്രവർത്തകരോട് സംയമനം പാലിക്കാനും മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്.