അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

Mail This Article
കോഴിക്കോട്∙ കെഎസ്ഇബി തിരുവമ്പാടി സെക്‌ഷൻ ഓഫിസ് ആക്രമണ കേസിലെ പ്രതി അജ്‍മലിന്റെ വീട്ടിലെ വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിച്ചു. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണു കലക്ടറുടെ നിർദേശപ്രകാരം വൈദ്യുതി പുനഃസ്ഥാപിച്ചത്. താമരശേരി തഹസിൽദാർ വീട്ടിലെത്തി കുടുംബവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നടപടി.
പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും അജ്മലിന്‍റെ പിതാവ് റസാഖും മാതാവ് മറിയവും പറഞ്ഞു. കെഎസ്ഇബി ജീവനക്കാർക്കെതിരായി നൽകിയ പരാതിയുമായി മുന്നോട്ടു പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം പറഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരായ അനന്തു, പ്രകാശ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്.
ജീവനക്കാരെയോ ഓഫിസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പു ലഭിച്ചാൽ വീട്ടിലെ വൈദ്യുതി കണക്‌ഷൻ പുനസ്ഥാപിക്കാൻ വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി കെഎസ്ഇബിക്കു നിർദേശം നൽകിയിരുന്നു. ആക്രമിക്കില്ലെന്ന ഉറപ്പ് ലഭ്യമാക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് താമരശേരി തഹസിൽദാരെ തിരുവമ്പാടിയിലേക്ക് അയച്ചത്. എന്നാൽ തഹസിൽദാർ നൽകിയ സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കാൻ കുടുംബം തയാറായില്ല. ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നതടക്കമുള്ള പരാമർശങ്ങൾ സത്യവാങ്മൂലത്തിലുണ്ടായിരുന്നു.
കെഎസ്ഇബിയുടെ ഫെയ്സ്ബുക് പേജിലൂടെയുള്ള പ്രസ്താവനയിൽ, ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്‌ഷൻ നൽകാൻ തയാറാണെന്നു ചെയർമാൻ വ്യക്തമാക്കിയിരുന്നു. ആക്രമിച്ചയാളുടെ പിതാവിന്‍റെ പേരിൽ 11 വൈദ്യുതി കണക്‌ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ കുറിച്ചു. തിരുവമ്പാടി കെഎസ്ഇബി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റാന്തൽ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.