‘പുതിയ കുടിയേറ്റ നയം വിദ്യാർഥികളെയും നഴ്സുമാരെയും ബാധിക്കില്ല; ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തും’
Mail This Article
കോട്ടയം∙ ബ്രിട്ടനിൽ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേറിയപ്പോൾ മലയാളികൾക്ക് അഭിമാനിക്കാനും അതിലൊരു കാരണമുണ്ടായിരുന്നു. കോട്ടയം സ്വദേശിയായ സോജൻ ജോസഫ് ബ്രിട്ടിഷ് പാർലമെന്റ് എംപിയാകുന്ന ആദ്യ മലയാളിയെന്ന ചരിത്രം കുറിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ കുത്തകയായിരുന്ന ആഷ്ഫഡിൽ ബ്രിട്ടന്റെ ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന ഡാമിയൻ ഗ്രീനിനെതിരെ അട്ടിമറി വിജയം നേടിയാണ് സോജൻ ജോസഫ് പാർലമെന്റിലെത്തിയത്. ലേബർ പാർട്ടി സർക്കാർ അധികാരത്തിലെത്തുമ്പോൾ വരുന്ന മാറ്റങ്ങളെന്തെല്ലാം? ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാർ ഭയക്കേണ്ടതുണ്ടോ? സോജൻ ജോസഫ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു...
∙ 14 വർഷത്തിനുശേഷമാണ് ലേബർ പാർട്ടി അധികാരത്തിൽ വരുന്നത്. ഇതിനു മുൻപുണ്ടായിരുന്ന സർക്കാർ ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിച്ചിരുന്നു. പുതിയ സർക്കാരിന്റെ കാലത്ത് ഇന്ത്യയുമായുള്ള ബന്ധത്തിൽ ഏതുരീതിയിലുള്ള മാറ്റമാണുണ്ടാകുക?
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങളുണ്ടായി. ആ രീതിയിൽ മാറ്റമൊന്നും വരുത്താൻ ലേബർ പാർട്ടി സർക്കാർ ഉദ്ദേശിക്കുന്നില്ല. വാസ്തവത്തിൽ ഇപ്പോഴുള്ളതിനേക്കാൾ മികച്ച സഹകരണം ഇന്ത്യയുമായി രൂപപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി കിയേർ സ്റ്റാമറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ വിദേശനയങ്ങൾ രൂപപ്പെട്ടുവരുന്നതേയുള്ളൂ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. വീസാ നിയന്ത്രണങ്ങളെക്കുറിച്ചും തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. പുതിയ വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചിട്ടേയുള്ളൂ. നയങ്ങൾ രൂപപ്പെട്ടുവരേണ്ടതുണ്ട്. ഇന്ത്യയോടുള്ള നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നു തന്നെയാണ് കരുതുന്നത്.
∙ ലേബർ പാർട്ടിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം കുടിയേറ്റത്തിന്റെ തോത് കുറയ്ക്കും എന്നതായിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യക്കാർക്കും ആശങ്കയുണ്ട്. ഈ തീരുമാനം എങ്ങനെയാണ് ഇന്ത്യയെ ബാധിക്കുക ?
യുകെയെ സംബന്ധിച്ച് രണ്ടു രീതിയിലുള്ള കുടിയേറ്റം ആണ് നടക്കുന്നത്. ഒന്ന് നിയമപരമായ രീതിയിൽ ഇവിടേക്ക് വരുന്നതും. രണ്ടാമത് അനധികൃതമായി കുടിയേറുന്നതും. രണ്ടു കുടിയേറ്റങ്ങളും കഴിഞ്ഞ ഏതാനും വർഷങ്ങളായി വളരെ കൂടിയ നിരക്കിലാണുള്ളത്. കുടിയേറ്റം കുറയ്ക്കുെമന്ന് വാഗ്ദാനം നൽകിയാണ് കൺസർവേറ്റീവ് പാർട്ടി ഭരണത്തിലേറിയതെങ്കിലും 14 വർഷത്തെ ഭരണത്തിനിടയ്ക്ക് അതു പാലിക്കാൻ അവർക്കായില്ല. നിയമപരമായ കുടിയേറ്റത്തിനും ഇപ്പോൾ അനുവദിച്ചിട്ടുള്ള എണ്ണത്തിൽ കാര്യമായ കുറവ് വരുത്താൻ തന്നെയാണ് പുതിയ സർക്കാരിന്റെ തീരുമാനം. എത്രയായി കുറയ്ക്കണം എന്നതിൽ തീരുമാനം ആകുന്നതേയുള്ളൂ. അത് ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാരെയും ബാധിച്ചേക്കും. എന്നാൽ ആരോഗ്യം ഉൾപ്പെടെ യുകെയ്ക്ക് വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള മേഖലകളിലേക്ക് കുടിയേറ്റം അനുവദിക്കുന്നത് തുടരും. യുകെയ്ക്ക് എന്താണോ ആവശ്യം അതിന് അനുസരിച്ചാകും ഇത്.
അനധികൃത കുടിയേറ്റം കർശനമായി നിയന്ത്രിക്കാൻ തന്നെയാണ് ലേബർ പാർട്ടി സർക്കാരിന്റെ തീരുമാനം. നിയമവിരുദ്ധമായി ബോട്ടുകളിലൂടെ കടൽ കടന്ന് വരുന്നത് അപകടകരമാണെന്നതാണ് ആദ്യത്തെ കാര്യം. അഭയാർഥികളായി വരുന്നവരുടെ അപേക്ഷകൾ കെട്ടിക്കിടക്കിടക്കുകയാണ്. ഇതിന്റെ പ്രോസസിങ് വേഗത്തിൽ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അപേക്ഷ സ്വീകരിക്കപ്പെടുന്നവർക്ക് യുകെയിൽ തുടരാം. അല്ലാത്തവരെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കും. അഭയാർഥികളുടെ അപേക്ഷ നിരസിക്കപ്പെട്ടാൽ അവരെ മാതൃരാജ്യത്തേക്ക് തിരിച്ചയയ്ക്കാനുള്ള കരാർ ചില രാജ്യങ്ങളുമായി നേരത്തെതന്നെ യുകെ ഒപ്പിട്ടിട്ടുണ്ട്. മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുെടയും നേതൃത്വത്തിൽ നടത്തുന്ന അനധികൃത കുടിയേറ്റം ഒരിക്കലും അംഗീകരിക്കില്ല. അതിനായി പുതിയ അതിർത്തി സുരക്ഷ കമാൻഡ് രൂപീകരിച്ച് ഗുണ്ടാസംഘങ്ങളെ നേരിടാനാണ് തീരുമാനം.
∙ കുടിയേറ്റത്തിലെ നിയന്ത്രണം വിദ്യാർഥി വീസയിൽ യുകെയിലേക്ക് വരുന്നവരെ ബാധിക്കുമോ? സ്റ്റുഡന്റ് വീസയുടെ എണ്ണം കുറയ്ക്കാൻ നീക്കമുണ്ടോ?
ഒരിക്കലുമില്ല. നിയമപരമായ കുടിയേറ്റത്തിൽ ‘വിദഗ്ധ തൊഴിലാളി കുടിയേറ്റം’ എന്ന രീതിയാണ് യുകെ പിന്തുടരുന്നത്. അതായത് ഇവിടെ ഒഴിവുകളുള്ള മേഖലകളിൽ സർക്കാർ പുറത്തിറക്കിയ പട്ടികയുണ്ട്. അത് പ്രകാരമുള്ള തൊഴിലുകളിലേക്കാണ് മറ്റു രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളെ കൊണ്ടുവരുക. ഇതിലെ നിയന്ത്രണവും വിദ്യാഭ്യാസത്തിനായുള്ള കുടിയേറ്റവും തമ്മിൽ ബന്ധമില്ല. അവർ സർവകലാശാലകളിൽ പഠിക്കാനായി വരുന്നവരാണ്. പഠനത്തിനായി വരുന്നവർക്ക് നിലവിലുള്ളതുപോലെ തന്നെ തുടരാം.
∙കേരളത്തിൽനിന്ന് ഒട്ടേറെ നഴ്സുമാർ ജോലിക്കായി യുകെയിലേക്ക് വരുന്നുണ്ട്. ലേബർ പാർട്ടി സർക്കാരിൽ നഴ്സിങ് റിക്രൂട്ട്മെന്റിൽ മാറ്റമുണ്ടാകുമോ?
നഴ്സിങ് മേഖലയിൽ ഇവിടെ എപ്പോഴും ഒഴിവുകളുണ്ട്. ഇന്ത്യയിൽ നിന്നുള്ള, പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നയങ്ങളിൽ പ്രത്യേകിച്ച് മാറ്റമൊന്നും വരാൻ പോകുന്നില്ല. നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) മെച്ചപ്പെടുത്തുകയെന്നതാണ് സർക്കാരിന്റെ പ്രധാന തീരുമാനങ്ങളിലൊന്ന്. ചികിൽസയ്ക്കായി കാത്തുനിൽക്കുന്നവരുടെ എണ്ണം 75 ലക്ഷത്തോളമാണ്. ഇത് പരിഹരിക്കാൻ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം തീർച്ചയായും കൂട്ടേണ്ടി വരും. തദ്ദേശീയരെ പരിശീലനം നൽകി നിയമിക്കുകയാണോ വിദഗ്ധ തൊഴിലാളികളെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുമോ തുടങ്ങിയ കാര്യങ്ങളിലെ തീരുമാനം വരേണ്ടതുണ്ട്. എന്തായാലും നഴ്സുമാർക്കുള്ള ഡിമാൻഡിൽ കുറവുണ്ടാകില്ല.
∙ ലേബർ പാർട്ടി മന്ത്രിസഭയുടെ ആദ്യ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ എന്തൊക്കെയാണ്?
സർക്കാരിന്റെ ആദ്യചുവടുവെപ്പെന്ന നിലയിൽ പ്രഖ്യാപിച്ച ആറിന പദ്ധതികൾ എത്രയും വേഗം നടപ്പിലാക്കുകയെന്നതാണ് ആദ്യ മന്ത്രിസഭായോഗത്തിലെടുത്ത പ്രധാന തീരുമാനം. സാമ്പത്തിക സ്ഥിരത, എൻഎച്ച്എസിന്റെ വെയ്റ്റിങ് ലിസ്റ്റ് കുറയ്ക്കുക, അതിർത്തി സുരക്ഷാ കമാൻഡ് രൂപീകരിക്കുക, പെട്രോൾ, ഡീസൽ തുടങ്ങിയ പുനരുപയോഗിക്കാനാകാത്ത ഊർജ ഉപയോഗം കുറച്ച് പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉദ്പാദനം ലക്ഷ്യമിട്ട് ഗ്രേറ്റ് ബ്രിട്ടിഷ് എനർജി എന്ന പേരിൽ പൊതു ഉടമസ്ഥതയിലുള്ള കമ്പനി സ്ഥാപിക്കുക, കുറ്റകൃത്യങ്ങൾ കുറയ്ക്കുക, സ്കൂളുകളിൽ 6500 പുതിയ അധ്യാപകരെ നിയമിക്കുക എന്നിവയാണ് ആറു പദ്ധതികൾ.
∙ താങ്കളുടെ മണ്ഡലമായ ആഷ്ഫോഡിൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ?
എന്റെ മണ്ഡലത്തിലും പ്രധാനമായ പ്രശ്നം എൻഎച്ച്എസിൽ ചികിൽസയ്ക്കായി കാത്തുനിൽക്കുന്നവരുടെ നീണ്ട പട്ടികയാണ്. ഇക്കാര്യം പരിഹരിക്കാൻ സർക്കാരിനൊപ്പം ചേർന്ന് അടിയന്തര നടപടിയെടുക്കും. കൂടാതെ ആഷ്ഫോഡിലെ ടൗൺഷിപ്പുകളിെല വ്യവസായങ്ങൾ ഏറെനാളായി നഷ്ടത്തിലാണ്. അതുകാരണം ഒട്ടേറെപ്പേർ വ്യവസായം ഉപേക്ഷിച്ചു. ആ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾക്കും ആദ്യ പ്രാധാന്യം കൊടുക്കും. പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതും മുൻഗണനാപ്പട്ടികയിലുണ്ട്.