സുജിത് നായർക്ക് പ്രേം നസീർ സുഹൃത് സമിതിയുടെ മാധ്യമ ശ്രേഷ്ഠ പുരസ്കാരം
Mail This Article
തിരുവനന്തപുരം ∙ പ്രേം നസീർ സുഹൃത് സമിതിയുടെ മാധ്യമ ശ്രേഷ്ഠ പുരസ്കാരത്തിന് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ അർഹനായി. ഡോ. എം.ആർ. തമ്പാൻ (സാഹിത്യ ശ്രേഷ്ഠ), മണിയൻ പിള്ള രാജു (ചലചിത്ര ശ്രേഷ്ഠ), അരവിന്ദ് വേണുഗോപാൽ (സംഗീത ശ്രേഷ്ഠ), ഡോ. വി. അശോക് (കർമ ശ്രേഷ്ഠ) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.
ജൂലൈ 13ന് വൈകിട്ട് 6.30ന് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പുരസ്കാരങ്ങൾ സമ്മാനിക്കും.
ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രേം നസീറിന്റെ ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കും. കുട്ടിക്കുപ്പായം എന്ന ചലച്ചിത്രത്തിന്റെ അറുപതാം വാർഷികാഘോഷം ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാറും ചലചിത്ര പുരസ്കാര സമർപ്പണം അടൂർ പ്രകാശ് എംപിയും നിർവഹിക്കുമെന്ന് ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ, പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ എന്നിവർ അറിയിച്ചു.