കൊച്ചിയിൽ ഗുഡ്‌സ് ട്രെയിനിനു മുകളിൽ കയറി; പതിനേഴുകാരനു ഷോക്കേറ്റ് ദാരുണാന്ത്യം

Mail This Article
കൊച്ചി∙ ഗുഡ്‌സ് ട്രെയിനിനു മുകളിൽ കയറിയ പതിനേഴുകാരൻ റെയിൽവേ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലിൽ വീട്ടിൽ ജോസ് ആന്റണി–-സൗമ്യ ദമ്പതികളുടെ ഏകമകൻ ആന്റണി ജോസാണ് മരിച്ചത്. സുഹൃത്തിന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും സുഹൃത്തുക്കളും.
ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിനു മറുവശത്തേക്കു കടന്നു. മറുഭാഗത്തേക്ക് ഇറങ്ങാൻ ആന്റണി ട്രെയിനിന്റെ വശത്തെ കോണിയിലൂടെ കയറിയതോടെ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കൂട്ടുകാർ സ്‌റ്റേഷൻ മാസ്‌റ്ററെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃക്കാക്കര കെഎംഎം കോളജിൽ ബിസിഎ ഒന്നാംവർഷ വിദ്യാർഥിയാണ്. സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് അച്ഛൻ ജോസ്. അമ്മ ലൂർദ് ആശുപത്രിയിലെ നഴ്സാണ്.