പരാതി നൽകിയയാളുടെ ഇ–മെയിൽ ഹാക്ക് ചെയ്തു; കെസിഎ പീഡനക്കേസിൽ മനുവിനെതിരെ കൂടുതൽ ആരോപണം
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) കോച്ച് മനുവിനെതിരായ പീഡനക്കേസില്‍ പരാതി നല്കിയ ആളുടെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തെന്ന പരാതി പരിശോധിക്കുമെന്ന് ഡിസിപി നിതിന്‍രാജ് പറഞ്ഞു. പരാതി നല്കിയ ഒരു രക്ഷിതാവിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്തുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസിനെ സമീപിച്ചത്.
മനുവിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും താന്‍ അയച്ച പരാതികളെല്ലാം ഇ-മെയിലില്‍ നിന്ന് നീക്കം ചെയ്ത നിലയിലാണെന്നാണ് രക്ഷിതാവ് പറയുന്നത്. ഇ-മെയില്‍ വഴി അയച്ച പരാതികളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്. ട്രാഷ് ഫോള്‍ഡറില്‍നിന്നും എല്ലാ മെയിലുകളും നീക്കം ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. സൈബര്‍ സെല്ലിലും പൊലീസ് കമ്മിഷണര്‍ക്കുമാണ് പരാതി നല്‍കിയത്.
ആറു വര്‍ഷം മുന്‍പ് നടന്ന പീഡനശ്രമക്കേസില്‍ ജൂണ്‍ 12ന് ആണ് പരിശീലകന് ശ്രീവരാഹം സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ 6 പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ പേര് വരും ദിവസങ്ങളില്‍ പരാതി നല്‍കുമെന്ന് ഇവര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ 11കാരിയെ വാഷ്റൂമില്‍ വച്ച് കടന്നുപിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണ് ആദ്യത്തെ കേസ്.
പൊലീസ് പറയുന്നത് ഇങ്ങനെ: 2018ല്‍ ആയിരുന്നു സംഭവം. നഗരത്തിലെ സ്റ്റേഡിയത്തില്‍ കോച്ചിങ്ങിന് എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് ദുരനുഭവം ഉണ്ടായത്. പരിശീലകന്റെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി പുറത്താരോടും ഇക്കാര്യം പറഞ്ഞില്ല. പിന്നീട് പെണ്‍കുട്ടി മറ്റൊരു സംസ്ഥാനത്തേക്കു താമസം മാറി. അടുത്തിടെ നഗരത്തിലെ സ്റ്റേഡിയത്തില്‍ മത്സരത്തിന് എത്തിയ പെണ്‍കുട്ടി പരിശീലകനെ ഇവിടെവച്ചു കാണുകയും പ്രതികരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
പൊലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്ത ശേഷം പരിശീലകനെ അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് പിടികൂടിയ വാര്‍ത്ത കണ്ടാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതികളിലെ ഗുരുതരമായ ആരോപണം.
ശരീരഘടന മനസിലാക്കാന്‍ ബിസിസിഐക്കും കെസിഎയ്ക്കും നല്‍കാനെന്ന പേരില്‍ ഇയാള്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പകര്‍ത്തി. പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തെന്നാണ് പരാതികളില്‍ പറയുന്നത്. ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. ഇയാള്‍ പറയുന്നത് അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍ നിന്ന് പുറത്താക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കാതെ ഒഴിവാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി. പരിശീലനത്തിനിടയിലും മനു പെണ്‍കുട്ടികളോട് സംസാരിക്കുന്നത് ലൈംഗിക കാര്യങ്ങളായിരുന്നുവെന്നും പരാതികളില്‍ പറയുന്നു. മനുവിനെതിരെ കൂടുതല്‍ പേര് പരാതിയുമായി രംഗത്തുവന്നതോടെ ഇയാള്‍ക്കു കീഴില്‍ പരിശീലനം നേടിയ പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിനു വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് നേരത്തെ കേസെടുത്തിരുന്നു. സംഭവം ഉണ്ടാകാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷനു കമ്മിഷന് നോട്ടിസ് അയയ്ക്കുകയും ചെയ്തു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന് സ്വമേധയാ കേസെടുത്തത്.