ADVERTISEMENT

ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്–യുജി പരീക്ഷയിലെ ചോദ്യക്കടലാസ് ചോർച്ച സ്ഥിരീകരിച്ചതാണെന്നും ഇനി അറിയേണ്ടത് അതിന്റെ വ്യാപ്തി ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്ര സർക്കാർ എതിർപ്പുന്നയിച്ചെങ്കിലും പരീക്ഷയുടെ പവിത്രതയ്ക്കു കളങ്കമുണ്ടായെന്ന കാര്യം സംശയാതീതമായി തെളിഞ്ഞെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂ‍ഡ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. 24 ലക്ഷം വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെടുന്ന പരീക്ഷ പൂർണമായി റദ്ദാക്കുകയെന്നത് അവസാനത്തെ വഴിയായി മാത്രമേ കാണാൻ കഴിയൂവെന്നും കോടതി അഭിപ്രായപ്പെട്ടു.

പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിലെ വാദത്തിനിടെ കേന്ദ്ര സർക്കാരിനോടും ദേശീയ പരീക്ഷാ ഏജൻസിയോടും (എൻടിഎ) കോടതി ഒട്ടേറെ ചോദ്യങ്ങൾ ഉന്നയിച്ചു. മറുപടിക്ക് നാളെ വൈകിട്ടു വരെ സമയം അനുവദിച്ചിട്ടുണ്ട്. ഹർജികൾ 11നു പരിഗണിക്കാനായി മാറ്റി. കേസുകളിലെ തൽസ്ഥിതി റിപ്പോർട്ട് നൽകാൻ  സിബിഐയോടും ആവശ്യപ്പെട്ടു.

ചോദ്യക്കടലാസ് ചോർച്ച സംബന്ധിച്ച് ബിഹാറിലെ പട്നയിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പുറത്തിറക്കിയ വാർത്തക്കുറിപ്പ് ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. എന്നാൽ, കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അത് അംഗീകരിച്ചില്ല. ചോർച്ച അന്വേഷണ പരിധിയിലാണെന്നും വാർത്തക്കുറിപ്പ് തങ്ങളുടേതല്ലെന്ന് അന്വേഷണ സംഘം തന്നെ വിശദീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

‘ചോദ്യക്കടലാസ് ചോർച്ചയുണ്ടായെന്ന വസ്തുത നിഷേധിക്കാൻ കഴിയില്ല. പുനഃപരീക്ഷ നടത്താൻ പോന്ന വ്യാപ്തി അതിനുണ്ടോ അതോ ഒറ്റപ്പെട്ടതാണോ എന്നാണ് ഇനി അറിയേണ്ടത്. ചോർച്ചയ്ക്കും പരീക്ഷയ്ക്കും ഇടയിലെ സമയവ്യത്യാസം ഹ്രസ്വമാണെങ്കിൽ വീണ്ടും പരീക്ഷയ്ക്കുള്ള സാഹചര്യം ഒഴിവാക്കാം. എന്നാൽ, ഏതു രീതിയിലാണ് ചോർച്ച എന്നതു പരിഗണിക്കേണ്ടി വരും. ഇലക്ട്രോണിക് മാധ്യമം വഴിയോ സമൂഹമാധ്യമം വഴിയോ ആണെങ്കിൽ വീണ്ടും പരീക്ഷ നടത്തേണ്ടി വരും. കാരണം, ആ സാഹചര്യത്തിൽ ചോർച്ച വ്യാപകമായിരിക്കും.’

‘നെല്ലും പതിരും പ്രധാനം’

പരിശോധന ആവശ്യമായ ചില പ്രശ്നങ്ങൾ വിഷയത്തിലുണ്ടെന്നും നെല്ലും പതിരും തിരിച്ചറിയാൻ സാധിച്ചാൽ ഒരു വിഭാഗത്തിനു മാത്രമായി പുനഃപരീക്ഷ സാധ്യമാകുമെന്നും കോടതി സൂചിപ്പിച്ചു. 

കോടതി പറഞ്ഞ പ്രശ്നങ്ങൾ:

∙ മുൻപില്ലാത്ത വിധം മുഴുവൻ മാർക്കും (720) നേടിയ വിദ്യാർഥികളുടെ എണ്ണം ഇക്കുറി കൂടുതലാണ്. അവരിൽ ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിച്ചവരുമുണ്ട്.

∙ ഒരിടത്തു റജിസ്റ്റർ ചെയ്യുകയും വിദൂരമായ മറ്റൊരിടത്തു പോയി പരീക്ഷ എഴുതുകയും ഉയർന്ന മാർക്ക് നേടുകയും ചെയ്തവരുണ്ട്.

∙ നീറ്റ് യുജിയിൽ വളരെ ഉയർന്ന മാർക്ക് നേടിയ ചിലരുടെ 12–ാം ക്ലാസ് ഫലത്തിൽ ആ മികവു പ്രതിഫലിക്കുന്നില്ല. 

∙ അസാധാരണ മാർക്ക് ഒരു വിഷയത്തിൽ ലഭിച്ചിട്ടും മറ്റൊരു വിഷയത്തിൽ തീർത്തും മോശം മാർക്ക് കിട്ടുന്ന സാഹചര്യവുമുണ്ട്.

സർക്കാർ ഇനി ചെയ്യേണ്ടത്

∙ സൈബർ ഫൊറൻസിക് യൂണിറ്റിന്റെ സഹായം തേടാൻ കഴിയുമോ എന്നു പരിശോധിക്കണം. ചോദ്യക്കടലാസ് ചോർത്തിയതിന്റെ നേട്ടം എത്ര പേർക്കു ലഭിച്ചുവെന്ന് മനസ്സിലാക്കാൻ കഴിയുമോ എന്നറിയാനാണ്.

∙ നീറ്റ് യുജി കൗൺസലിങ്ങുമായി ബന്ധപ്പെട്ട സ്ഥിതി അറിയിക്കണം.

∙ നീറ്റ് പരീക്ഷയിൽ ഭാവിയിൽ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് അറിയിക്കണം.

∙ ഭാവിയിൽ പരീക്ഷയുടെ സുതാര്യമായ നടത്തിപ്പിനു വിദഗ്ധ സമിതിയെ നിയോഗിക്കണം. അതിനുള്ള പട്ടിക കോടതിയിൽ നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com