‘പിഎസ്‌സിയുടെ പേരിൽ കൂടുതൽ തട്ടിപ്പ് നടക്കുന്നത് കേരളത്തിൽ, കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ തീവെട്ടിക്കൊള്ള’

Mail This Article
തിരുവനന്തപുരം∙ കോഴിക്കോട് പിഎസ്‌സി അംഗത്തെ നിയമിക്കാൻ ഡിവൈഎഫ്ഐ നേതാക്കൾ ലക്ഷങ്ങൾ കോഴവാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്നും ഇതിനു സർക്കാർ പിന്തുണയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിൽ പിഎസ്‌സിയുടെ പേരിൽ കൂടുതൽ തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണ്. ഏറ്റവും കൂടുതൽ പിഎസ്‌സി അംഗങ്ങളുള്ളതും സംസ്ഥാനത്താണ്. അതേസമയം അപ്രഖ്യാപിത നിയമന നിരോധനമാണ് ഇവിടെയുള്ളത്. കോഴ ആരോപണം ഉയർന്നിരിക്കുന്നത് ഭരണസിരാകേന്ദ്രത്തിനു നേരെയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
‘‘സർക്കാരിൽ ഏറ്റവും സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴ വാങ്ങിയിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടന്നത്. ഇതിൽ സമഗ്ര അന്വേഷണം വേണം. ഭരണഘടനാ സ്ഥാപനത്തിലേക്കുള്ള നിയമനത്തിലാണ് തട്ടിപ്പ് എന്നത് ഗൗരവതരമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ തീവെട്ടിക്കൊള്ള നടക്കുകയാണ്. മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഏറ്റെടുക്കാതെ വലിയ ഹോട്ടൽ സമുച്ചയം ഉണ്ടാക്കാൻ നോക്കുകയാണ് സിപിഎം. സുപ്രീം കോടതിയും രാഷ്ട്രപതിയും ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ കോംട്രസ്റ്റ് ഏറ്റെടുക്കുന്നില്ല. തൊഴിലാളികളെ വഞ്ചിക്കുന്ന ഇതേ ടീം തന്നെയാണ് പിഎസ്‌സി അംഗ നിയമന തട്ടിപ്പിനും പിന്നിൽ’’ – സുരേന്ദ്രൻ ആരോപിച്ചു.
കെഎസ്ആർടിസി ബസ്സ്റ്റാൻഡ് നിർമാണത്തിൽ കോടികളുടെ അഴിമതിയാണ് നടന്നത്. നിർമാണത്തിലെ അപാകതയും കൈമാറ്റത്തിലെ തട്ടിപ്പും സർക്കാരിന്റെ ഒത്താശയോടെയാണ്. തുറമുഖ വകുപ്പ് കടപ്പുറത്ത് കണ്ണായ സ്ഥലത്ത് ഹോട്ടൽ പണിയാൻ സിപിഎം നേതാവിന്റെ ബന്ധുവിനു സ്ഥലം നൽകിയത് മറ്റൊരു ക്രമക്കേടാണ്. എല്ലാത്തിനും സർക്കാരിന്റെ പിന്തുണയുള്ളതുകൊണ്ട് മാഫിയകൾ തഴച്ച് വളരുകയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.