വിഴിഞ്ഞത്ത് കപ്പൽ എത്തുമ്പോൾ പൊതുജനങ്ങൾക്കും പ്രവേശനം; വിശിഷ്ടാതിഥിയായി കേന്ദ്ര മന്ത്രിയും

Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്ത് 12ന് ട്രയല്‍ റണ്ണിന്റെ ഭാഗമായി ആദ്യ മദര്‍ഷിപ്പ് എത്തുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായി കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പങ്കെടുക്കും. ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി തുറമുഖ മന്ത്രി വി.എന്‍.വാസവന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍.വാസവന് അധ്യക്ഷത വഹിക്കും.
കപ്പല്‍ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദര്‍ഷിപ്പായ സാന്‍ഫെര്‍ണാണ്ടോ ആണ് വിഴിഞ്ഞത്ത് ആദ്യമെത്തുന്നത്. 11ന് എത്തുന്ന കപ്പല്‍ 12ന് വൈകിട്ട് 3ന് തുറമുഖത്തേക്ക് അടുപ്പിക്കും. ട്രയല്‍ റണ്ണിന്റെ ഭാഗമായാണു ചരക്കുകപ്പല്‍ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം ആദ്യ ചരക്കു കപ്പലിനു സ്വീകരണം നല്‍കും. കഴിഞ്ഞ ഒക്ടോബറില്‍ ആദ്യ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് അടുത്തപ്പോള്‍ സ്വീകരിച്ച മാതൃകയില്‍ പൊതുജനങ്ങള്‍ക്കും പരിപാടി നേരിട്ടു കാണാന്‍ അവസരമൊരുക്കും.
തുറമുഖത്തു സ്ഥാപിച്ചിട്ടുള്ള ക്രെയിനുകള്‍ ഉപയോഗിച്ച് മദര്‍ഷിപ്പിലെ കണ്ടെയ്നറുകള്‍ ചെറിയ കപ്പലിലേക്കു മാറ്റിയാണ് ട്രയല്‍ നടത്തുന്നത്. ആദ്യ കപ്പലില്‍ നിന്നും എത്തുന്ന കണ്ടെയ്നറുകള്‍ രാജ്യത്തിന്റെ വിവിധ തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിന് മാറിന് അജൂര്, സീസ്പാന്‍ സാന്റോസ് എന്നീ രണ്ട് ഫീഡര്‍ കപ്പലുകളും എത്തും. ന്നതെന്നാണ് അറിയുന്നത്. ഇതില്‍ ഒരു കപ്പല്‍ 13നു എത്തിച്ചേരുമെന്ന് അദാനി കമ്പനി സ്ഥിരീകരിച്ചു.
ഒന്നാം ഘട്ടത്തിലെ 800 മീറ്റര്‍ നീളമുള്ള ബെര്‍ത്ത് നിര്‍മാണം പൂര്‍ത്തിയാകുകയാണ്. ഇതില്‍ ഒരേസമയം 2 കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയും. തുറമുഖത്ത് 2960 മീറ്റര്‍ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കി. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം പുരോഗമിക്കുന്നു. 800 മീറ്റര്‍ കണ്ടെയ്നര്‍ ബെര്‍ത്ത് നിര്‍മാണം പൂര്‍ത്തിയായി. ഇതില്‍ 400 മീറ്റര്‍ പ്രവര്‍ത്തനസജ്ജമായി. തുറമുഖത്തെ ദേശീയപാത 66ുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയുടെ ആദ്യ 600 മീറ്റര്‍ നിര്‍മിച്ചു കഴിഞ്ഞു. ബാക്കി റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു.