ADVERTISEMENT

കൊച്ചി ∙ വ്യാപാരിയും കുടുംബവും വെന്തു മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ് സംശയിക്കുന്നതിന് കാരണം ഈ തെളിവുകൾ. ആത്മഹത്യയെന്ന് സംശയം ബലപ്പെട്ടതോടെ അതിനുള്ള സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർ ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.

അങ്കമാലിയിൽ ജൂൺ എട്ടിനായിരുന്നു ബിനീഷ് കുര്യൻ (45), ഭാര്യയും അധ്യാപികയുമായ അനുമോൾ മാത്യു (40), മക്കളായ ജൊവാന (8), ജസ്‌‍വിൻ (5) എന്നിവർ അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലെ ഇരുനില വീടിന്റെ മുകൾനിലയിലെ മുറിയിൽ തീപിടുത്തത്തിൽ മരിച്ചത്.  ആത്മഹത്യയാണെന്നും പിന്നിൽ സാമ്പത്തിക ബാധ്യതയായേക്കാമെന്നും നേരത്തെ സൂചനയുണ്ടായിരുന്നു. തീപിടിത്തത്തിൽ മുറിക്കുള്ളിലെ മുഴുവൻ സാധനങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നു. മൃതദേഹങ്ങൾ‍ പോലും പൂർണമായി കത്തിയ അവസ്ഥയിലായിരുന്നു. ഫൊറൻസിക് പരിശോധനകളുടെയടക്കം റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണ കാരണം അറിയാനാവൂ എന്നായിരുന്നു പൊലീസ് നിലപാട്. അതിന് കുറച്ചു ദിവസങ്ങൾ കൂടിയെടുക്കും. അതേസമയം, ഇതുവരെ ലഭ്യമായ തെളിവുകൾ വിരൽ ചൂണ്ടുന്നത് ആത്മഹത്യയിലേക്കാണെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. 

ബിനീഷ് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്ന് സുഹൃത്തുക്കൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഏതാനും വർഷം മുൻപ് ഗോഡൗണിനു തീ പിടിച്ചിരുന്നു. ഇൻഷുറൻസ് തുക ലഭിച്ചെങ്കിലും 20 ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായി എന്നും നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കോവിഡിനു ശേഷം പണം ഇടപാടിലെ പ്രശ്നങ്ങളും പ്രതിസന്ധിക്ക് കാരണമായതായി പറയപ്പെടുന്നുണ്ട്. കയറ്റിയയച്ച ചരക്കിന്റെ പണം കിട്ടാൻ വൈകി. ഇതുമൂലം, ബിനീഷ്  ജാതിക്ക വാങ്ങിയിരുന്ന ചെറുകിട കച്ചവടക്കാർക്കു പണം നൽകാനായില്ല. ഒന്നരക്കോടി രൂപയോളം ഇങ്ങനെ കടം വന്നിരുന്നുവെന്നും പറയപ്പെടുന്നു. പക്ഷേ ബിനീഷ് മാന്യമായി വ്യാപാരം ചെയ്തിരുന്നതിനാലും എല്ലാവരോടും നന്നായി ഇടപെടുന്ന ആളായതിനാലും കടത്തിന്റെ പേരിൽ അധികം പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് അടുത്തറിയാവുന്നവർ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബിനീഷ് വലിയ തോതിൽ കടം വാങ്ങിയിരുന്നെന്നും വായ്പയ്ക്കായി സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെ സമീപിച്ചിരുന്നുവെന്നും വിവരമുണ്ട്. ഒരു ബാങ്കിൽ ബിനീഷ് ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ‍ കടം നൽകിയിരുന്നവരിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചിരുന്നു. മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ജാതിക്ക അടക്കമുള്ള മലഞ്ചരക്കുകളുടെ വ്യാപാരമാണ് ബിനീഷിനും സഹോദരൻ ബിനോയിക്കും. വീട്ടിൽത്തന്നെയായിരുന്നു ഗോ‍ഡൗൺ. ചെറുകിട വ്യാപാരികളിൽനിന്നു ജാതിക്ക വാങ്ങി വിവിധ ഉൽപന്നങ്ങൾക്കു വേണ്ട രീതിയിൽ സംസ്കരിച്ച് ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അടക്കം കയറ്റുമതി ചെയ്യുന്നതായിരുന്നു ബിനീഷിന്റെ ബിസിനസ്.

English Summary:

Uncovering Evidence: Why Police Believe Businessman's Death Was a Suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com