കഞ്ചാവുമായി യദുവിനെ പിടിച്ചിട്ടില്ല, കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നു: വിശദീകരണവുമായി സിപിഎം
Mail This Article
പത്തനംതിട്ട∙ പാര്‍ട്ടിയില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ വിശദീകരണവുമായി പത്തനംതിട്ട സിപിഎം. കോന്നി മൈലാടും പാറ സ്വദേശി യദുകൃഷ്ണനെയാണ് കഞ്ചാവുമായി എക്സൈസ് തിങ്കളാഴ്ച പിടികൂടിയത്. രണ്ട് ഗ്രാം കഞ്ചാവാണ് യദുവില്‍ നിന്ന് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചിരുന്നു.
എന്നാൽ കഞ്ചാവുമായി യദുകൃഷ്ണനെ എക്സൈസ് പിടികൂടിയിട്ടില്ല എന്നാണ് സിപിഎമ്മിന്റെ വാദം. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നു. അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. സിപിഎമ്മിലേക്ക് 62 പേര് ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായി. ബിജെപി വിട്ടുപോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസില്‍ പെടുത്തും എന്നതെന്നും സിപിഎം നേതൃത്വം ആരോപിക്കുന്നു.
കഞ്ചാവ് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ യദുകൃഷ്ണന് അറിയിച്ചതായും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.