അശ്ലീല ഗ്രൂപ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രവും പ്രചരിപ്പിച്ചു; എസ്എഫ്ഐ മുൻ നേതാവ് വീണ്ടും കസ്റ്റഡിയിൽ

Mail This Article
കൊച്ചി∙ കാലടി ശങ്കര കോളജിലെ വിദ്യാർഥിനികളുടെ ചിത്രം ഫെയ്സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതി രോഹിത്തിനെ വീണ്ടും കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്ന പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രോഹിത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. രോഹിത്തിനെതിരെ ഗൗരവ സ്വഭാവമുള്ള കേസുകൾ ചുമത്തിയേക്കും.
കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാർഥിയും എസ്എഫ്ഐ മുന്‍ നേതാവുമായിരുന്നു രോഹിത്. രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ കേസിലെ പൊലീസ് നടപടി.
ബിരുദ വിദ്യാർഥിനിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നില്‍ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്യാപസിലെ മുന്‍ വിദ്യാർഥി നേതാവായിരുന്ന രോഹിത് അറസ്റ്റിലായത്. പഠിച്ചിറങ്ങിയെങ്കിലും ഫൊട്ടോഗ്രാഫര്‍ എന്ന നിലയില്‍ ക്യാംപസില്‍ പതിവായെത്തിയിരുന്ന രോഹിത്ത് വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.