‘എൽഡിഎഫ് വോട്ടുകൾ ബിജെപിക്ക് ചോർന്നു; ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യേണ്ടത് വിശ്വാസികൾ’
Mail This Article
കോഴിക്കോട് ∙ സംസ്ഥാനത്തു പലയിടത്തും ബിജെപിക്ക് അനുകൂലമായി എൽഡിഎഫ് വോട്ടുകൾ ചോര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മലബാറിലെ മുസ്‌ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. വിശ്വാസികളോടും അവിശ്വാസികളോടും ഒപ്പം നിൽക്കുന്ന നിലപാടാണ് സിപിഎമ്മിന്. വിശ്വാസികൾ വർഗീയവാദികളല്ല. വര്‍ഗീയവാദി വിശ്വാസിയുമല്ല. ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും മാവൂരിൽ കർഷക തൊഴിലാളി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ തവണ ബിജെപിയെ താഴെ ഇറക്കാൻ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന പ്രചാരണം തിരിച്ചടിയായി. ഇത്തവണ ഇന്ത്യ ബ്ലോക്ക് ജയിക്കണം എന്ന് മറ്റു സംസ്ഥാനങ്ങളിൽ സിപിഎം പ്രചാരണം നടത്തി. 52 സീറ്റുകളിൽ മത്സരിക്കുന്ന സിപിഎമ്മും ചുരുങ്ങിയ സീറ്റുകളിൽ മത്സരിക്കുന്ന സിപിഐയും ജയിച്ചാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുമോയെന്ന് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ചിന്തിച്ചു. ഇപ്പോഴത്തെ അപകടത്തെ നേരിടാൻ കോൺഗ്രസാണു നല്ലതെന്ന് ന്യൂനപക്ഷങ്ങൾ ചിന്തിച്ചു. അതാണ് അവര്‍ക്ക് കേരളത്തിൽ നേട്ടമായത്.
വടകരയിലും കോഴിക്കോടും യുഡിഎഫിനു ഭൂരിപക്ഷം ഒരു ലക്ഷം കടന്നത് എങ്ങനെയാണ്? പ്രബലമായി പ്രവർത്തിക്കുന്ന ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങൾ മലബാറിലുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ വനിതകൾ നന്നായി ജനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നവരാണ്. അവർ യുഡിഎഫുമായി ചേർന്ന് പ്രവർത്തിച്ചു. അത് മലബാറിൽ യുഡിഎഫിനു വലിയ നേട്ടമായി. ബിജെപി തൃശൂരിൽ ജയിച്ചതു ഗൗരവമുള്ള കാര്യമാണ്. തൃശൂരിൽ കോൺഗ്രസിന്റെ 86,000 വോട്ട് കാണാനില്ല. ക്രിസ്ത്യൻ വോട്ട് ഭൂരിഭാഗവും യുഡിഎഫിന് അനുകൂലമായാണ് ഉണ്ടാവാറുള്ളത്. എൽഡിഎഫ് വോട്ടും ചോർന്നു. പരമ്പരാഗത വോട്ടുകളാണ് ചോർന്നത്– ഗോവിന്ദൻ വ്യക്തമാക്കി.