സൗന്ദര്യം കൂടി, സ്ത്രീധനം കുറഞ്ഞു; നവവധുവിന് ഭർതൃവീട്ടിൽ ക്രൂരപീഡനമെന്നു പരാതി
Mail This Article
മലപ്പുറം ∙ വേങ്ങരയില്‍ നവവധുവിന് ഭര്‍തൃവീട്ടില്‍ ക്രൂര പീഡനമെന്ന് പരാതി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചും ക്രൂരമായി മർദിച്ചിരുന്നുവെന്ന് വേങ്ങര സ്വദേശി മുഹമ്മദ് ഫായിസിനെതിരെ ഭാര്യയാണ് പരാതി നൽകിയത്.
മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചും കൈകൊണ്ടും ഉപദ്രവിച്ചിരുന്നെന്ന് പരാതിയിൽ പറയുന്നു. കുനിച്ചു നിര്‍ത്തി മർദിച്ചതിനെ തുടര്‍ന്ന് നട്ടെല്ലിനു ക്ഷതമേറ്റു. അടിവയറ്റിലും മർദനമേറ്റിട്ടുണ്ട്. ആക്രമണത്തില്‍ ചെവിക്കു പരുക്കേറ്റതിനെ തുടര്‍ന്ന് കേള്‍വി തകരാറിലായി. പരുക്കേറ്റപ്പോൾ ഭര്‍തൃവീട്ടുകാര്‍ നാലു തവണ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നൽകി. മർദന വിവരം പുറത്തു പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഫായിസ് ഭീഷണിപ്പെടുത്തിയെന്നും മേയ് 22 ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ പറയുന്നു.
മേയ് രണ്ടിനായിരുന്നു യുവതിയും ഫായിസും തമ്മിലുള്ള വിവാഹം. ദിവസങ്ങൾക്കു ശേഷം യുവതി ഫോണില്‍ വിളിച്ച് കരഞ്ഞതോടെ സംശയം തോന്നിയ കുടുംബാംഗങ്ങൾ വേങ്ങരയിലെ ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് മകള്‍ ക്രൂരമായ പീഡനത്തിനിരയായതായി മനസ്സിലായത്. യുവതിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. സൗന്ദര്യത്തിന്റെ പേരില്‍ ഭാര്യയെ സംശയിച്ച ഫായിസ്, സുഹൃത്തുക്കളുടെ പേര് പറഞ്ഞും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുമാണ് യുവതിയെ മർദിച്ചിരുന്നത്.
മർദനത്തിനിരയായതിന്റെ വൈദ്യപരിശോധനാ രേഖകളടക്കമാണ് പരാതി നൽകിയതെങ്കിലും നടപടിയെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് തയാറായിട്ടില്ലെന്നാണ് യുവതിയുടെ കുടുംബാംഗങ്ങളുടെ ആരോപണം. ഭര്‍തൃവീട്ടില്‍നിന്നു ചികിത്സ നല്‍കിയതിന്റെ രേഖകളും പൊലീസില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പ്രതി വിദേശത്തേക്ക് കടന്നുവെന്നും യുവതിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.