അംബാനിക്കല്യാണത്തിന് മോദി; ശങ്കരാചാര്യരുടെ അനുഗ്രഹം തേടി, രുദ്രാക്ഷമാല നൽകി സ്വാമി– വിഡിയോ
Mail This Article
മുംബൈ∙ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച നടന്ന ശുഭ് ആശിർവാദ് ചടങ്ങിലാണു നവദമ്പതികളെ ആശീർവദിക്കാൻ പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ മുകേഷ് അംബാനി സ്വീകരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സദസിന്റെ മുൻനിരയിലായിരുന്നു പ്രധാനമന്ത്രി.
ജോഷിമഠ് ജ്യോതിഷ് പീഠ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി, ദ്വാരകാപീഠ ശങ്കരാചാര്യർ സ്വാമി സദാനന്ദ സരസ്വതി എന്നിവരും ചടങ്ങിനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശങ്കരാചാര്യരെ കണ്ട് അനുഗ്രഹം തേടി. കാലുതൊട്ട് വന്ദിച്ച പ്രധാനമന്ത്രിക്ക് സ്വാമി കഴുത്തിലെ രുദ്രാക്ഷ മാലയൂരി നൽകുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്.
വെള്ളിയാഴ്ച ജിയോ വേൾഡ് സെന്ററിൽ നടന്ന ചടങ്ങിലാണ് അനന്ത് അംബാനിയും രാധികാ മർച്ചന്റും ഔദ്യോഗികമായി വിവാഹിതരായത്. ശുഭ് ആശീർവാദ് ചടങ്ങുകളാണ് ജിയോ വേൾഡ് സെന്ററിലും ആന്റിലയിലുമായി ശനിയാഴ്ച നടന്നത്. ഞായറാഴ്ച ആന്റിലയിൽ നടക്കുന്ന മംഗൾ ഉത്സവ് ചടങ്ങും തിങ്കളാഴ്ച റിലയൻസ് ജീവനക്കാർക്കായി നടക്കുന്ന വിരുന്ന സത്കാരവുമാണ് ഇനിയുള്ള പ്രധാനപ്പെട്ട ആഘോഷങ്ങൾ.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവരും ശനിയാഴ്ച വിവാഹ വിരുന്നിനെത്തി. വെള്ളിയാഴ്ച മുംബൈയിലെത്തിയ മമതാ ബാനർജി രാഷ്ട്രീയ കൂടിക്കാഴ്ച്ചകൾക്ക് ശേഷം ശനിയാഴ്ച രാവിലെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ എത്തിയിരുന്നു. ഞായറാഴ്ച നടക്കുന്ന മംഗൾ ഉത്സവ ചടങ്ങിൽ കഴിഞ്ഞ ദിവസം ജിയോ വേൾഡ് സെന്ററിൽ എത്തിയ ബോളിവുഡ് താരങ്ങളടക്കം വീണ്ടും പങ്കെടുക്കും.