പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം: എഎസ്ഐ റിമാൻഡിൽ

Mail This Article
കണ്ണൂർ ∙ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേ സിൽ പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് മെസ്സിലെ ഡ്രൈവർ എഎസ്ഐ കെ.സന്തോഷ്കുമാറിനെ (50) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പാമ്പൻ മാധവൻ റോഡിലെ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിന്റെ ബോണറ്റിലേക്ക് ഇടിച്ചുകയറ്റി അരക്കിലോമീറ്ററിലേറെ കാറോടിച്ച് ഇയാൾ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പെട്രോൾ അടിച്ചതിന്റെ പണം മുഴുവൻ നൽകാതെ കടക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതാണ് പ്രകോപനം. കാർ ട്രാഫിക് സ്റ്റേഷനിലേക്കാണ് ഓടിച്ചുകയറ്റിയത്. അവിടെനിന്ന് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് കേസെടുത്ത് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
വർഷങ്ങൾക്കു മുൻപ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റയാളാണ് സന്തോഷ് കുമാറെന്നു സഹപ്രവർത്തകർ പറഞ്ഞു. നിരന്തരം പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയതോടെയാണ് മെസ്സിലേക്കു സ്ഥലം മാറ്റിയത്. കഴിഞ്ഞ ഒക്ടോബർ 16ന് കാൽടെക്സ് ജംക്‌ഷനിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയപ്പോൾ സന്തോഷായിരുന്നു ഡ്രൈവർ. അന്നും ഡ്യൂട്ടിയിൽനിന്നു മാറ്റിനിർത്തി. പിന്നീട് അവധിയിൽ പ്രവേശിച്ച സന്തോഷ് ഈയിടെയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.