ജോയി കാണാമറയത്ത്; നാവികസേനയിലെ മുങ്ങൽ വിദഗ്ധർ തിരച്ചിലിന്, പുതിയ സ്കൂബാ ഡൈവിങ് ടീമും ഇന്നെത്തും
Mail This Article
തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ മുങ്ങിമറഞ്ഞ ശുചീകരണ തൊഴിലാളി എൻ.ജോയി(47), രണ്ടു രാത്രിയും രണ്ടു പകലും നീണ്ട തിരച്ചിലിനൊടുവിലും കാണാമറയത്ത്. രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം ജീവൻ പണയംവച്ചു മലിനജലത്തിൽ മുങ്ങിയും നീന്തിയും മാലിന്യങ്ങൾ നീക്കിയും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാവികസേനയിലെ മുങ്ങൽ വിദഗ്ധരുടെ ആറംഗ സംഘം ഇന്നലെ രാത്രി എത്തി. ഇവർ ഇന്നു മുതൽ രക്ഷാദൗത്യത്തിൽ പങ്കുചേരും. പുതിയ സ്കൂബാ ഡൈവിങ് ടീമും ഇന്നു തിരച്ചിലിനെത്തും.
ശനിയാഴ്ച രാവിലെ 11നാണു ജോയിയെ ഒഴുക്കിൽപെട്ടു കാണാതായത്. രാത്രി നിർത്തിവച്ച തിരച്ചിൽ ഇന്നലെ രാവിലെ ആറരയോടെ പുനരാരംഭിച്ചു. ക്യാമറ ഘടിപ്പിച്ച 2 റോബട്ടുകൾ രാവിലെ നടത്തിയ പരിശോധനയിൽ ജോയിയെ കാണാതായതിനു സമീപം 10 മീറ്ററോളം ഉള്ളിൽ മനുഷ്യന്റെ കാലുകൾ പോലുള്ള ദൃശ്യം കണ്ടതു പ്രതീക്ഷയുയർത്തി. എന്നാൽ, സ്കൂബ സംഘത്തിന്റെ പരിശോധനയിൽ അതു മനുഷ്യനല്ലെന്നു സ്ഥിരീകരിച്ചു.

അഗ്നിരക്ഷാസേന, സേനയുടെ ഭാഗമായ സ്കൂബ ടീം, ദേശീയ ദുരന്തനിവാരണ സേന എന്നിവരടങ്ങിയ രക്ഷാസംഘം പലഘട്ടങ്ങളിലായി റെയിൽവേ പ്ലാറ്റ്ഫോമിനടിയിലെ 120 മീറ്ററോളം നീളമുള്ള ടണലിൽ എല്ലാ ഭാഗങ്ങളും പരിശോധിച്ചു.
അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കാൻ ജലസേചനവകുപ്പിന്റെ മോട്ടറുകൾ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തും വെള്ളം കെട്ടിനിർത്തിയശേഷം തുറന്നുവിട്ടും ശ്രമം നടത്തി. ദൗത്യം അതീവ ദുഷ്കരമെന്നു മാൻഹോളിൽ ഇറങ്ങി പരിശോധന നടത്തിയ സ്കൂബ സംഘാംഗങ്ങൾ പറഞ്ഞു.

