ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടി; വീട്ടിൽ തിരിച്ചുകയറ്റാത്തതിന് ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി
Mail This Article
ഭുവനേശ്വർ∙ ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയശേഷം തിരിച്ചുവീട്ടിലെത്തിയതിനു പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഗുജറാത്ത് വൈദ്യുത റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്. രഞ്ജിത് കുമാറുമായി അകന്നു കഴിയുകയായിരുന്ന സൂര്യ 9 മാസം മുമ്പ് ഗുണ്ടാനേതാവായ മഹാരാജ് എന്നയാൾക്കൊപ്പം ഒളിച്ചോടുകയായിരുന്നു.
തുടർന്ന് കഴിഞ്ഞദിവസം സൂര്യ രഞ്ജിത്തിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും വീട്ടിൽ പ്രവേശിപ്പിക്കരുതെന്നു രഞ്ജിത് ജോലിക്കാർക്കു നിർദേശം നൽകി. ഇതോടെ വിഷം കഴിച്ച സൂര്യ 108ൽ സഹായത്തിനായി വിളിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു. സൂര്യയുമായുള്ള വിവാഹമോചന പരാതിയുമായി ബന്ധപ്പെട്ട നടപടികൾക്കായി പുറത്തുപോയിരിക്കുകയായിരുന്നു ഈ സമയം രഞ്ജിത് കുമാർ.
കാമുകനൊപ്പം പോയതിനുശേഷം പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി 2 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ സൂര്യയും മഹാരാജയും ഇവരുടെ കൂട്ടാളിയായ സെന്തിൽ കുമാറും പ്രതിയായിട്ടുണ്ട്. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തർക്കത്തിനെത്തുടർന്നായിരുന്നു തട്ടിക്കൊണ്ടുപോകൽ. ഈ കേസിൽ മധുര പൊലീസിന്റെ അറസ്റ്റ് ഭയന്നാണ് ഇവർ രഞ്ജിത് കുമാറിന്റെ വീട്ടിലേക്ക് തിരികെ എത്തിയതെന്നാണു നിഗമനം. തമിഴിൽ എഴുതിയ ആത്മഹത്യാക്കുറിപ്പു വീട്ടിൽനിന്ന് കണ്ടെടുത്തെങ്കിലും അതിലെ വിവരങ്ങൾ പൊലീസ് പുറത്തുവിടാൻ തയ്യാറായില്ല. സൂര്യയുടെ മൃതദേഹം ഏറ്റെടുക്കാൻ രഞ്ജിത് കുമാറും വിസമ്മതിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)