ADVERTISEMENT

പട്ന∙ നിയമസഭയിൽ പ്രതിപക്ഷ വനിതാ എംഎൽഎയോട് പൊട്ടിത്തെറിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ‘‘നിങ്ങൾ ഒരു സ്ത്രീയാണ്, നിങ്ങൾക്ക് ഒന്നും അറിയില്ല’’ എന്നായിരുന്നു ആർജെഡിയിലെ രേഖാ ദേവിയോട് നിതീഷ് കുമാർ പറഞ്ഞത്. 

ബിഹാറിന്റെ പ്രത്യേക പദവിയും സംവരണവും ഉന്നയിച്ചു പ്രതിപക്ഷം സഭയില്‍ മുദ്രവാക്യമുയര്‍ത്തിയതോടെയാണു മുഖ്യമന്ത്രി കോപാകുലനായത്. മുഖ്യമന്ത്രിയുടെ പരാമർശം സഭയ്ക്ക് അകത്തും പുറത്തും ബഹളത്തിനിടയാക്കി. പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ പരിധി 65 ശതമാനമായി ഉയർത്താനുള്ള ബിഹാർ സർക്കാരിന്റെ നീക്കം കഴിഞ്ഞ മാസം പട്‌ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധിയിൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും നിതീഷ് കുമാർ സഭയിൽ പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തെ ശാന്തമാക്കുന്നതിനു നിതീഷ് കുമാറിന്റെ വാക്കുകളൊന്നും ഗുണകരമായില്ല. പ്രസംഗത്തിനിടയിൽ പ്രതിഷേധം തുടർന്നപ്പോഴാണു നിതീഷ് കുമാർ വനിതാ എംഎൽഎയോട് ക്ഷുഭിതനായത്. 

ഇതോടെ പ്രതിപക്ഷ ബെഞ്ചുകളിൽ നിന്നും മുദ്രാവാക്യം വിളികൾ ഉയർന്നു. എന്നാൽ‌ സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്കായി തന്റെ സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നു പറഞ്ഞുകൊണ്ട് നിതീഷ് കുമാർ തന്റെ പ്രസംഗം തുടർന്നു. നിയമസഭാ സമ്മേളനത്തിൽ ആർജെഡിയിൽനിന്നും കോൺഗ്രസിൽനിന്നും ശക്തമായ പ്രതിഷേധമാണു നിതീഷ് കുമാർ സർക്കാരിനെതിരെ ഉയർന്നത്. ബിഹാറിനുള്ള സംവരണത്തിന്റെ കാര്യത്തിലും പ്രത്യേക പദവിയിലും നിതീഷ് കുമാർ സർക്കാർ പരാജയമാണെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും നിതീഷ് കുമാറിനെതിരെ രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായി നിരന്തരം അനുചിതമായി സംസാരിക്കുന്ന ആളാണ് നിതീഷ് കുമാറെന്ന് തേജസ്വി യാദവ് എക്സില്‍ കുറിച്ചു. സ്ത്രീകളെ കുറിച്ച് അനാവശ്യവും അപരിഷ്‌കൃതവുമായി സംസാരിക്കുന്നത് നിതീഷ് കുമാറിന്റെ ശീലമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Nitish Kumar Criticizes Woman MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com