ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ നവി മുംബൈയിൽ ഇരുപതുകാരിയെ റോഡിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപകമാക്കി പൊലീസ്. ഉറാൻ സ്വദേശിയായ യശശ്രീ ഷിൻഡെ (20) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് കോട്നാകയിലെ പെട്രോൾ പമ്പിന് സമീപമുള്ള വിജനമായ റോഡിൽ യശശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു പെൺകുട്ടി റോഡിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതായും തെരുവു നായ്ക്കൾ ശരീരം കടിച്ചുകീറുന്നതായും  വഴിയാത്രക്കാരനാണ് പൊലീസിനു വിവരം നൽകിയത്. നായ്ക്കളുടെ കടിയേറ്റ് പെൺകുട്ടിയുടെ മുഖം വികൃതമായെന്നും ശരീരത്തിൽ രണ്ടിടത്ത് കുത്തേറ്റതായും ഉറാൻ പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ടാണ് യശശ്രീയെ കാണാതായത്. കൊമേഴ്‌സ് ബിരുദധാരിയായ യശശ്രീ, സ്വകാര്യ കമ്പനിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് മാതാപിതാക്കളെ അറിയിച്ചാണ് യശശ്രീ വീട്ടിൽ നിന്നിറങ്ങിയത്. രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. മുഖം വികൃതമായിരുന്നതിനാൽ വസ്ത്രങ്ങളിൽ നിന്നും അരയിലെ ടാറ്റൂവിൽനിന്നുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.  

കുറ്റകൃത്യത്തിനു പിന്നിൽ കർണാടക സ്വദേശിയായ ദാവൂദ് ഷെയ്ഖ് എന്നയാളണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ സംശയമുള്ളതായി കുടുംബവും അറിയിച്ചിട്ടുണ്ട്. ദാവൂദിനെ പിടികൂടൂന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ദാവൂദ് ഷെയ്ഖിനെതിരെ 2019ൽ യശശ്രീ പീഡനപരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് പോക്സോ കേസിൽ ഇയാളെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.

English Summary:

20-Year-Old Woman’s Body Found with Stab Wounds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com