ADVERTISEMENT

ന്യൂഡൽഹി∙കരോൾബാഗിലെ സ്വകാര്യ കോച്ചിങ് സെന്ററിലുണ്ടായ ദുരന്തത്തിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധിച്ചെത്തിയ ബിജെപി പ്രവർത്തകർക്കു നേരെ ഡൽഹി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിൽ നിന്ന് പിന്മാറാതിരുന്ന പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിന്റെ ഉത്തരവാദിത്തം കോർപറേഷനും സംസ്ഥാനവും ഭരിക്കുന്ന ആം ആദ്മി പാർട്ടിക്കുമാണെന്ന് ആരോപിച്ചാണ് ഡൽഹി ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിൽ പ്രവർത്തകർ എഎപി ആസ്ഥാനത്തേക്ക് പ്രകടനം നടത്തിയത്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം കോച്ചിങ് സെന്ററിൽ സംഭവിച്ച ദുരന്തത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ നടപടി ആരംഭിച്ചു. എംസിഡിയിലെ ഒരു ജൂനിയർ എൻജിനീയറെ പിരിച്ചുവിട്ടതായും മറ്റൊരു അസിസ്റ്റന്റ് എ‍ൻജിനീയറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായും എംസിഡി കമ്മിഷണർ അശ്വനി കുമാർ അറിയിച്ചു. സംഭവത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറോട് വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അഴുക്കുചാൽ തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാർഥികൾ മരിച്ചതോടെ പ്രദേശത്തെ അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റുകയാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ. ഓൾഡ് രജീന്ദർ നഗറിലെ കയ്യേറ്റങ്ങളാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോർപറേഷൻ പൊളിച്ചു മാറ്റുന്നത്. അപകടത്തെ തുടർന്ന് പ്രദേശത്തെ 13 സിവിൽ സർവീസ് കോച്ചിങ് സെന്ററുകളുടെ ബേസ്മെൻ്റുകൾ എംസിഡി കഴി‍ഞ്ഞ ദിവസം സീൽ ചെയ്തിരുന്നു.

അതേസമയം കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ യഥാർഥ മരണസംഖ്യ സർക്കാരും പൊലീസും മറച്ചുവയ്ക്കുകയാണെന്ന് പ്രതിഷേധക്കാരായ വിദ്യാർഥികൾ ആരോപിച്ചു. സാംബവി, അവിനാഷ് എന്നീ വിദ്യാർഥികളെ കൂടി കണ്ടെത്തേണ്ടതുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്. മരിച്ച വിദ്യാർഥികളുടെ വീട്ടുകാർക്ക് റാവു ഇൻസ്റ്റിറ്റ്യൂട്ട് ധനസഹായം പ്രഖ്യാപിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

ദുരന്തത്തിൽ മരിച്ച നെവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഡൽഹിയിൽ വച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി. നെവിന്റെ അമ്മയുടെ സഹോദരൻ ലിനു രാജാണ് മൃതദേഹം ഏറ്റുവാങ്ങിയത്. എംബാം ചെയ്ത ശേഷം രാത്രി 8 മണിക്കുള്ള വിമാനത്തിലായിരിക്കും നെവിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക. ചൊവാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ഈഴക്കോടുള്ള സിഎസ്ഐ പള്ളിയിൽ വച്ച് നെവിന്റെ സംസ്കാര ചടങ്ങുകൾ നടക്കും.

English Summary:

Clashes Break Out During BJP's Protest Over Delhi Coaching Center Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com