ജോലിക്കായി റഷ്യയിൽ, കബളിപ്പിക്കപ്പെട്ട് സൈന്യത്തിൽ ചേർത്തു; ഹരിയാന സ്വദേശി യുദ്ധത്തിനിടെ കൊല്ലപ്പെട്ടു
Mail This Article
മോസ്കോ/ന്യൂഡൽഹി∙ കബളിപ്പിക്കപ്പെട്ട് റഷ്യൻ സൈന്യത്തിൽ ചേരേണ്ടി വന്ന ഹരിയാന സ്വദേശി യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കൈതൽ ജില്ലയിലെ മാതോർ ഗ്രാമത്തിൽനിന്നുള്ള രവി മൗൻ (22) ആണ് കൊല്ലപ്പെട്ടത്. മോസ്കോയിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചതായി രവിയുടെ സഹോദരൻ അജയ് മൗൻ പറഞ്ഞു. റഷ്യയിൽ കബളിപ്പിക്കപ്പെട്ട് യുക്രെയ്നെതിരായ യുദ്ധത്തിൽ പങ്കെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി ഉടൻ സ്വീകരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നൽകിയതിനു പിന്നാലെയാണ് രവിയുടെ മരണം.
ഗതാഗത രംഗത്ത് ജോലി ലഭിച്ചുവെന്ന് പറഞ്ഞാണ് രവിയെ ഏജന്റ് ജനുവരി 13ന് റഷ്യയിലെത്തിച്ചത്. തുടർന്ന് ഇദ്ദേഹത്തെ സൈന്യത്തിൽ ചേർക്കുകയായിരുന്നെന്നും സഹോദരൻ ആരോപിച്ചു. എന്നാൽ മാർച്ച് 12നു ശേഷം രവിയെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. തുടർന്നാണ് എംബസിയെ സമീപിച്ചത്. മൃതദേഹം തിരിച്ചറിയുന്നതിന് അടുത്ത ബന്ധുക്കളുടെ ഡിഎൻഎ വിവരങ്ങളുടെ റിപ്പോർട്ട് അയയ്ക്കാനും എംബസി ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു.
യുദ്ധമുഖത്ത് യുക്രെയ്നെതിരെ പോരാടിയില്ലെങ്കിൽ 10 വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്ന് റഷ്യൻ സൈന്യം രവിയെ ഭീഷണിപ്പെടുത്തിയതായി സൈന്യം പറഞ്ഞു. ഭൂഗർഭ തുരങ്കങ്ങളുണ്ടാക്കാനും രവിയെ പഠിപ്പിച്ചിരുന്നു. രവിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട പണമില്ലെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കുടുംബം അപേക്ഷ നൽകിയിട്ടുണ്ട്. ഒരേക്കർ ഭൂമിയുൾപ്പെടെ വിറ്റ് 11.50 ലക്ഷം രൂപ ചെലവിട്ടാണ് രവിയെ റഷ്യയിലേക്ക് ജോലിക്ക് അയച്ചതെന്നും സഹോദരൻ പറഞ്ഞു.