വ്യാജ ‘കാഫിർ’ സ്ക്രീൻഷോട്ട്; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
Mail This Article
കൊച്ചി ∙ വടകരയിലെ വ്യാജ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. അന്വേഷണ ഉദ്യോഗസ്ഥനായ വടകര പൊലീസ് ഇൻസ്പെക്ടർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 12ന് മുൻപ് കേസ് ഡയറി ഹാജരാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകി. വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും എംഎസ്എഫ് നേതാവുമായ പി.കെ.മുഹമ്മദ് ഖാസിം നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.
കേസിന്റെ അന്വേഷണ പുരോഗതിയെ സംബന്ധിച്ച റിപ്പോർട്ട് ഫയൽ ചെയ്യാൻ മേയ് 31ന് ഹൈക്കോടതി വടകര പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന് കേസിന്റെ അന്വേഷണ പുരോഗതിയെ സംബന്ധിച്ച് വടകര പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരാണ് സ്ക്രീൻഷോട്ട് നിർമിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വടകര ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ ‘കാഫിർ സ്ക്രീൻഷോട്ടു’ മായി ബന്ധപ്പെട്ട് വലിയ വിവാദം ഉടലെടുത്തിരുന്നു.
താൻ നൽകിയ പരാതിയിൽ കേസെടുക്കാതെ, തന്നെ പ്രതിയാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തതെന്നും തന്റെ പരാതിയിൽ കേസെടുക്കാതിരുന്നത് ഇതു സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഖാസിമിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തന്നെ പ്രതിയാക്കാൻ തെളിവില്ലെന്ന് വ്യക്തമായിട്ടും അതിനു ശേഷവും യഥാർഥ പ്രതികളെ കണ്ടെത്തുന്നതിൽ വടകര പൊലീസ് അലംഭാവം കാണിക്കുകയാണെന്നും ഖാസിമിന്റെ അഭിഭാഷകൻ വാദിച്ചു.
വ്യാജ സ്ക്രീൻഷോട്ട് നിർമിച്ചത് ആരാണെന്ന് വെളിവാകുന്ന സമൂഹ മാധ്യമങ്ങളിലെ തെളിവുകൾ അടക്കം ലഭ്യമായിട്ടും ഇതൊന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും ഖാസിന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് ബന്ധപ്പെട്ട് കേസിൽ ഇതു വരെ നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ വടകര പൊലീസ് ഇൻസ്‌പെക്ടർക്ക് ഹൈക്കോടതി നിർദേശം നൽകിയത്.