ADVERTISEMENT

കൊല്ലം∙ അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ വിധിച്ച് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. കേസില്‍ അഞ്ചാം പ്രതി ഷിബു, ആറാം പ്രതി വിമല്‍, ഏഴാം പ്രതി സുധീഷ്, എട്ടാം പ്രതി ഷാന്‍, 9-ാം പ്രതി രതീഷ്, 10-ാം പ്രതി ബിജു, 11-ാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.എസ്.രാജീവ് ആണ് വിധി പറഞ്ഞത്.

ഒന്നാം പ്രതി ഗിരീഷ് കുമാര്‍, മൂന്നാം പ്രതി അഫ്‌സല്‍, നാലാം പ്രതി നജുമല്‍ ഹുസൈന്‍, 12-ാം പ്രതി സാലി എന്ന കൊച്ചുണ്ണി 13-ാം പ്രതി റിയാസ് എന്ന മുനീര്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും 16, 17 പ്രതികളായ സുമന്‍, സിപിഎം ജില്ലാ കമ്മറ്റി അംഗം  ബാബു പണിക്കര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും കൂടി 56 ലക്ഷം രൂപയുടെ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. 

ഭാര്യയുടെയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെയും മുന്നില്‍ വച്ച് നടത്തിയ കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയും സിപിഎം അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവുമായ ജെ.പത്മനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസിലെ ഇരുപതാം പ്രതി രവീന്ദ്രനും പിന്നീട് മരണപ്പെട്ടു. മറ്റൊരു പ്രതിയും സിപിഎം മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന പി.എസ്.സുമന്‍ പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതും ഇതിനിടെ വിവാദമായിരുന്നു. 

2010 ഏപ്രില്‍ 10-നാണ് ഐന്‍ടിയുസി നേതാവായ രാമഭദ്രന്‍ കൊല്ലപ്പെട്ടത്. രാമഭദ്രന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരം വര്‍ധിപ്പിച്ചതും സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചതുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സിബിഐ കേസ്. കേസിലെ ഒന്നാം പ്രതി സിപിഎം പ്രവര്‍ത്തകനായിരുന്ന ഗിരീഷും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലെ തര്‍ക്കം രാമഭദ്രന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ 16 സിപിഎം പ്രവര്‍ത്തകർ പ്രതികളായിയിരുന്നു. സിബിഐ അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം 21 ആയി. രണ്ടു പേര്‍ മാപ്പുസാക്ഷികളുമായി. 

കരഞ്ഞുകാലുപിടിച്ചിട്ടും പ്രതികള്‍ യാതൊരു ദയയും കാട്ടാതെ തങ്ങളുടെ കണ്‍മുന്നിലിട്ട് രാമഭദ്രനെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നുവെന്ന ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. സംഭവത്തിനു ശേഷം രാമഭദ്രന്റെ അമ്മയുടെ സംസാരശേഷി നഷ്ടപ്പെട്ടതായും ബിന്ദു കോടതിയിൽ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302,120 (ബി), 201 വകുപ്പുകളും, 20,27 ആംസ് ആക്ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്. കൊലപാതകം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് കേസിൽ വിധി പ്രഖ്യാപനം. അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണത്തിനു കളമൊരുങ്ങിയത്.  

രാമഭദ്രനെ കൊലപ്പെടുത്തിയത് 'യു' മാതൃകയിലുള്ള കത്തി ഉപയോഗിച്ചാണെന്ന് മൂന്നാം സാക്ഷിയും രാമഭദ്രന്റെ സഹോദരന്റെ മകനുമായ ഷിബു മൊഴി നല്‍കിയിരുന്നു. പ്രതികളുടെ കയ്യില്‍ ആറു കത്തികളുണ്ടായിരുന്നെന്നായിരുന്നു ഷിബുവിന്റെ മൊഴി. കരാറു പണി സംബന്ധിച്ച കാര്യം സംസാരിക്കാനാണ് കൊലപാതകം നടന്ന ദിവസം രാമഭദ്രന്റെ വീട്ടിലേക്ക് ഷിബു എത്തിയത്. രാമഭദ്രനുമായി സംസാരിച്ചശേഷം മടങ്ങുമ്പോള്‍ വീട്ടിലേക്കു ജീപ്പു പോകുന്നതു കണ്ടതായി ഷിബു കോടതിയില്‍ പറഞ്ഞു. അല്‍പസമയത്തിനകം വീട്ടില്‍നിന്ന് നിലവിളി കേട്ടു. വീട്ടിനടുത്തേക്ക് എത്തിയപ്പോള്‍ 'അവന്റെ പണി കഴിഞ്ഞെന്നു' പറഞ്ഞ് പ്രതികള്‍ ജീപ്പില്‍ കയറി സ്ഥലത്തുനിന്നു രക്ഷപ്പെടുന്നതാണ് ഷിബു കണ്ടത്. അയല്‍ക്കാരുടെ സഹായത്തോടെ രാമഭദ്രനെ പുനലൂരിലെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ഷിബു പറയുന്നു

English Summary:

Ramabhadran Murder Case: CPM Activists Handed Double Life Sentence

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com