‘2 തവണ മുന്നറിയിപ്പ് നൽകി, എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല; കേരളം എന്തു ചെയ്തു?’
Mail This Article
ന്യൂഡൽഹി∙ ഉരുൾപൊട്ടൽ സംബന്ധിച്ചു കേരള സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ടു തവണയാണു കേരളത്തിനു മുന്നറിയിപ്പ് നൽകിയത്. ഈ മാസം 23നും മുന്നറിയിപ്പ് നൽകി. ജൂലൈ 23ന് 9 എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണു ദുരന്തവ്യാപ്തിക്ക് കാരണം. ഉരുൾപൊട്ടൽ മേഖലയിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല? കേരള സർക്കാർ എന്തു ചെയ്തു എന്നും അമിത് ഷാ രാജ്യസഭയിൽ ചോദിച്ചു.
മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടുത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകും. രാഷ്ട്രീയഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ സഹായവും തുടക്കം മുതൽ കേന്ദ്രം നൽകി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നു കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സമയമാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.