വീണ്ടും വന്ദേഭാരത്; എറണാകുളം-ബെംഗളൂരു സ്പെഷൽ സർവീസ് ആരംഭിച്ചു

Mail This Article
കൊച്ചി ∙ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിച്ചു. എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 12.50നാണു ട്രെയിൻ പുറപ്പെട്ടത്. സ്പെഷൽ ട്രെയിൻ ആയതിനാൽ ഫ്ലാഗ് ഓഫ് ചടങ്ങുകൾ ഇല്ലായിരുന്നു. ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള സർവീസിന്റെ നിർത്തിവച്ചിരുന്ന ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് ഓഗസ്റ്റ് 4നു ശേഷമുള്ള ബുക്കിങ്ങും ആരംഭിച്ചു.
ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന സമയവും ട്രെയിൻ അവിടെ എത്തുന്ന സമയവും യാത്രക്കാരുടെ സൗകര്യം പരിഗണിക്കാതെയാണെന്ന പരാതി ഉയർന്നിട്ടുണ്ട്. എറണാകുളത്തുനിന്ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലേക്കും തിരികെയും ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് സർവീസ്. ഓഗസ്റ്റ് 25 വരെയാണു സ്പെഷൽ സർവീസായി വന്ദേഭാരത് ഓടിക്കുക. എറണാകുളത്തുനിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50നാണു സർവീസ്.
ഐആർസിടിസി ആപ് പ്രകാരം ചെയർ കാർ നിരക്ക് 1465 രൂപയും എക്സിക്യൂട്ടീവ് ചെയർ കാർ നിരക്ക് 2945 രൂപയുമാണ്. ബെംഗളൂരു കന്റോൺമെന്റ് എത്തുന്നതിനു മുമ്പായി നഗരത്തിൽ തന്നെയുള്ള കെ.ആർ.പുരം (കൃഷ്ണരാജപുരം) സ്റ്റേഷനിൽ പുതുതായി സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് ട്രെയിൻ രാത്രി 9ന് കെ.ആർ.പുരത്തും 10ന് ബെംഗളൂരു കന്റോൺമെന്റിലും എത്തും. തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കെ.ആർ.പുരം എന്നിവയാണ് കന്റോൺമെന്റ് എത്തുന്നതിനു മുമ്പുള്ള സ്റ്റോപ്പുകൾ.
ബെംഗളൂരുവിൽനിന്ന് തിരികെയുള്ള സർവീസ് ഓഗസ്റ്റ് 1 മുതൽ 26 വരെയാണു നിശ്ചയിച്ചിട്ടുള്ളത്. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാകും സർവീസ്. ബെംഗളൂരുവിൽനിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്കു 2.20നാണ് എറണാകുളത്ത് എത്തുന്നത്. എറണാകുളത്തുനിന്നു പുറപ്പെടുന്നതും തിരികെ എത്തുന്ന സമയവും ബുദ്ധിമുട്ടില്ലാത്തതാണ്. എന്നാൽ ബെംഗളൂരുവിലെ തിരക്ക് പരിഗണിക്കുമ്പോൾ ട്രെയിൻ പുറപ്പെടുന്നത് ഏതാനും മണിക്കൂറുകൾ കൂടി നീട്ടണമെന്ന ആവശ്യമാണ് ഉയരുന്നത്. 6.20ന് പുറപ്പെടുന്ന ഇന്റർസിറ്റി എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ ഉച്ചകഴിഞ്ഞ് 3.20ന് പുറപ്പെടുന്ന ട്രെയിൻ മാത്രമാണ് ബെംഗളൂരുവിൽ നിന്നുള്ളത്.
ഈ സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സമയം രാവിലെ 9 മണിക്കെങ്കിലും ആക്കണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. മാത്രമല്ല, രാത്രി 10നു പകരം ബെംഗളൂരുവിൽ വൈകിട്ട് എത്തിച്ചേരുന്ന നിലയിലേക്ക് എറണാകുളത്തുനിന്ന് പുറപ്പെടണമെന്ന ആവശ്യം ഉയരുന്നുണ്ട്. കേരളത്തിൽനിന്നു തിരക്കേറെയുള്ള ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ഏറെ നാളത്തെ ആവശ്യമായിരുന്നു. വന്ദേഭാരത് ആഴ്ചയിൽ 6 ദിവസവും ഓടിക്കണമെന്ന ആവശ്യവും ശക്തമാണ്. ചൊവ്വാഴ്ചകളിൽ എറണാകുളത്താണ് പുതിയ വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾ.