പൂജയുടെ ഐഎഎസ് റദ്ദാക്കി; യുപിഎസ്‍സി പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്ക്

Mail This Article
ന്യൂഡൽഹി ∙ പ്രൊബേഷനിലുള്ള വിവാദ ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ ഐഎഎസ് സിലക്‌ഷൻ റദ്ദാക്കി യുപിഎസ്‍സി. കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നൽകിയതിനു പിന്നാലെയാണ് നടപടി. യുപിഎസ്‍സി പരീക്ഷകൾ എഴുതുന്നതിൽനിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മിഷൻ കണ്ടെത്തി നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു.
പൂണെയിലെ സബ് കലക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോഗം വാർത്തയായതിനെ തുടർന്നാണ് തട്ടിപ്പുകൾ പുറത്തായത്. തുടർന്ന് ഇവരെ സ്ഥലം മാറ്റി. പിന്നാലെ ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയർന്നു. മസൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷനൽ അക്കാദമി ഒഫ് അഡ്മിനിസ്ട്രേഷൻ പൂജയെ തിരിച്ചുവിളിച്ചു. യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
യുപിഎസ്‍സി കാരണം കാണിക്കൽ നോട്ടിസ് നൽകിയെങ്കിലും മറുപടി നൽകാനുള്ള തീയതിയായ ജൂലൈ 30നും പ്രതികരിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. പൂജ ഖേദ്കര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍, 2009-2023 കാലയളവിൽ ഐഎഎസ് സ്‌ക്രീനിങ് പ്രക്രിയ പൂര്‍ത്തിയാക്കിയ 15,000ത്തിലധികം ഉദ്യോഗാർഥികളുടെ വിവരങ്ങള്‍ പരിശോധിച്ചതായി പാനല്‍ അറിയിച്ചു.