തോല്പിക്കാന് കഴിയാത്ത നിശ്ചയദാര്‍ഢ്യം; ദുരന്തക്കയത്തിനു മീതേ പ്രതീക്ഷയുടെ ഉരുക്കുപാലം തീർത്ത് സൈന്യം

Mail This Article
മേപ്പാടി∙ ഒരു രാത്രിയും ഒരു പകലും അതിനിടയില്‍ പെരുമഴയും. ദുരന്തങ്ങള്‍ക്കു തോല്‍പ്പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ്ങ് ഗ്രൂപ്പാണ് അതിവേഗം ഇവിടെ പാലം നിര്‍മിച്ചത്.
കുത്തിയൊഴുകുന്ന മലവെള്ളത്തിനു മുകളില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു ബെയ്‌ലി പാലം ഒരുങ്ങിയത്. മേജര്‍ ജനറല്‍ വി.ടി.മാത്യുവിന്റെ വാഹനവും സൈന്യത്തിന്റെ ആദ്യ മെഡിക്കല്‍ യൂണിറ്റും ഇതുവഴി മുണ്ടക്കൈ മലയുടെ നെറുകയിലേക്ക് ആദ്യമായി കടന്നുപോയപ്പോള്‍ ഇരുകരകള്‍ക്കിടയിലും അതൊരു ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ പാലമായി.
ആര്‍മി മദ്രാസ് എന്‍ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണു ബെയ്‌ലി പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ ഫാബ്രിക്കേറ്റഡ് ബീമുകളും സാമഗ്രികളും കണ്ണൂര്‍ വിമാനത്താവളം വഴിയാണു വയനാട്ടിലെത്തിച്ചത്. വിശ്രമമില്ലാതെ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് ഇവിടെ പാലം ഉയര്‍ന്നത്. മുണ്ടക്കൈ മേഖലയിലെ തുടര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വേഗതയേറും.
തുടര്‍ ദൗത്യങ്ങള്‍ക്കെല്ലാം വാഹനം ഇവിടെ എത്തുന്നതോടെ രക്ഷാദൗത്യ സംഘങ്ങള്‍ക്കും ആശ്വാസമായി. താല്‍ക്കാലികമായി നിർമിച്ച മരപ്പാലങ്ങള്‍ ഓരോ മഴയിലും കുത്തിയൊഴുകി പോകുന്നതിനാല്‍ ആളുകളെ മറുകര കടത്തുകയെന്നതും ശ്രമകരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം സൈന്യത്തിന്റെ പാലം നിര്‍മാണം നിരീക്ഷിക്കാന്‍ ഇവിടെ എത്തിയിരുന്നു.