ADVERTISEMENT

തിരുവനന്തപുരം∙ ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ യുവാവിനു 65 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖയാണ് പ്രതി രാഹുലിന് (30) ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്കു നൽകണമെന്നും അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ തയാറായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. കടുത്ത ശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിൽ ഇത്തരം പ്രവ‌ൃത്തികൾ ആവർത്തിക്കാതിരിക്കു എന്നും ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. 

2023 ഏപ്രിൽ 7,10,17 തീയതികളിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. പീഡന സമയത്ത് കുട്ടി ഉറക്കെ കരഞ്ഞപ്പോൾ പ്രതി പാവാട വായിൽ തിരുകി. ഇത് കൂടാതെ പുറത്ത് പറഞ്ഞാൽ അടിക്കുമെന്നും ഭീഷണിപ്പെടുത്തി. പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ പ്രതിയെ ഭയന്നു കുട്ടി വിവരം വീട്ടിൽ പറഞ്ഞില്ല. പരുക്ക് ഗുരുതരമായതിനെ തുടർന്നു കരഞ്ഞെങ്കിലും എന്താണു സംഭവിച്ചതെന്നു കുട്ടി വെളുപ്പെടുത്തിയില്ല. ആശുപത്രിയിൽ കൊണ്ടുപോകാൻ അമ്മ ശ്രമിച്ചെങ്കിലും കുട്ടി അതിനും സമ്മതിച്ചിരുന്നില്ല. ഒടുവിൽ കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് അമ്മ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കു കൊണ്ടുപോയി. പിന്നീട് ഓഫീസിൽ ഇരുന്ന് കരഞ്ഞപ്പോൾ മറ്റൊരു ജീവനക്കാരി കുട്ടിയുടെ സ്വകാര്യഭാഗം പരിശോധിക്കാൻ അമ്മയോട് പറയുകയായിരുന്നു. അപ്പോഴാണു ഗുരുതരമായ പരുക്ക് കണ്ടത്. 

തുടർന്നു കുട്ടിയോട് ആവർത്തിച്ച് ചോദിച്ചപ്പോഴാണു പീഡന വിവരം വെളിപ്പെടുത്തിയത്. ഉടൻ തന്നെ വീട്ടുകാർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടി ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധന നടത്തിയ ഡോക്ടറും സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ പ്രതി രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാസത്തിനുള്ളിലാണ് കേസിന്റെ വിചാരണ കോടതി പൂർത്തീകരിച്ചത്. സ്പെഷ്ൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. 15 സാക്ഷികളെയാണു കേസിൽ വിസ്തരിച്ചത്. 25 രേഖകളും ഹാജരാക്കി. വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ. ആശാചന്ദ്രൻ, പേരൂർക്കട സി.ഐ വി.സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

English Summary:

Child Molestation Case: Thiruvananthapuram Court Imposes 65-Year Jail Term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com