ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേൽ; കൊല്ലപ്പെട്ടത് വ്യോമാക്രമണത്തിൽ

Mail This Article
ജറുസലേം∙ ഹമാസിന്റെ സൈനിക വിഭാഗം തലവനും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനുമായ മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേലിന്റെ സ്ഥിരീകരണം. ജൂലൈയിൽ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു ദെയ്ഫ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. ജൂലൈ 13 ന് തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിന്റെ പ്രാന്തപ്രദേശത്തുണ്ടായ ആക്രമണത്തിലാണു ദെയ്ഫിനെ വധിച്ചതെന്ന് ഇസ്രയേൽ സൈന്യമായ ഐഡിഎഫ് (ഇസ്രയേലി ഡിഫൻസ് ഫോഴ്സ്) അറിയിച്ചു.
ജൂലൈയിലെ ആക്രമണത്തിൽ സാധാരണക്കാർ ഉൾപ്പെടെ 90-ലധികം പേർ കൊല്ലപ്പെട്ടുവെന്നായിരുന്നു അന്ന് ഗാസ ആരോഗ്യ വിഭാഗം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തെത്തുടർന്നാണ് ദെയ്ഫിന്റെ മരണവും സ്ഥിരീകരിക്കുന്നത്.
1990 കളിൽ ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരിലൊരാളായിരുന്നു മുഹമദ് ദെയ്ഫ്. ദശാബ്ദങ്ങളോളം ഖസ്സാം ബ്രിഗേഡ് യൂണിറ്റിനെ ദെയ്ഫ് നയിച്ചു. ദെയ്ഫിന്റെ നേതൃത്വത്തിൽ നിരവധി ചാവേർ ബോംബാക്രമണങ്ങളാണ് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയത്. ഇസ്രയേലിലേക്ക് അയക്കാൻ കഴിയുന്ന റോക്കറ്റുകളുടെ ശേഖരം ഹമാസ് സൈനിക വിഭാഗം സ്വരൂപിച്ചതും ദെയ്ഫിന്റെ കാലഘട്ടത്തിലായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ദെയ്ഫാണെന്നാണ് ഐഡിഎഫിന്റെ ആരോപണം. ഇതേത്തുടർന്നാണ് ഗാസയിൽ ഇസ്രയേൽ യുദ്ധം ആരംഭിച്ചത്.
അതിനിടെ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിന് പിന്നാലെ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്നാണു വിവരം. ജൂലൈ 31നാണ് ഇറാനിലെ ടെഹ്റാനിൽ ഹനിയെ താമസിക്കുന്ന വീടിനു നേരെ ആക്രമണമുണ്ടായത്. 2017 മുതൽ ഹമാസിന്റെ തലവനാണ് ഇസ്മയിൽ ഹനിയെ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണു ടെഹ്റാനിലെത്തിയത്.