ADVERTISEMENT

തിരുവനന്തപുരം∙ വയനാട്ടിലെ ദുരന്തം സംബന്ധിച്ചു മുന്‍കൂര്‍ മുന്നറിയിപ്പിൽ വിശദീകരണവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മഹാപാത്ര. മുന്നറിയിപ്പിനെ ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടായ പഴിചാരലിനു പിന്നാലെയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി തന്നെ വിശദീകരണവുമായി എത്തിയത്. ഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്കു സജ്ജമായിരിക്കാനുള്ള മുന്നറിയിപ്പാണെന്നും റെഡ് അലര്‍ട്ടിന് വേണ്ടി കാത്തിരിക്കേണ്ട കാര്യമില്ലെന്നും മഹാപാത്ര ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

'ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 1 വരെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തും മധ്യഭാഗത്തും നല്ലതോതില്‍ മഴ പെയ്യുമെന്ന് പ്രവചിച്ചിരുന്നു. ജൂലൈ 25നാണ് ഇത് സംബന്ധിച്ചു പ്രവചിച്ചത്. ജൂെൈല 25നു യെലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. അതു ജൂലൈ 29 വരെ തുടര്‍ന്നു. 29ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 30 അതിരാവിലെ 20 സെന്റീമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ടെന്ന റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് നൽകുന്നത് നടപടികള്‍ക്കു സജ്ജരായിരിക്കാനുള്ള മുന്നറിയിപ്പിന്റെ ഭാഗമായാണ്. റെഡ് അലര്‍ട്ടിന് വേണ്ടി ആരും കാത്തിരിക്കരുത്’- മഹാപാത്ര പറഞ്ഞു. കേരളത്തിനു മുന്‍കൂര്‍ മുന്നറിയിപ്പു നല്‍കിയിരുന്നോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  കനത്ത മഴയില്‍ വയനാട്ടില്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന കേന്ദ്ര മുന്നറിയിപ്പ്, കേരളസര്‍ക്കാര്‍ കാര്യമായെടുത്തില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞതാണു വിവാദത്തിനു തുടക്കമിട്ടത്. തുടര്‍ച്ചയായി മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് മാത്രമാണു വയനാട്ടില്‍ പ്രഖ്യാപിച്ചിരുന്നതെന്നും 48 മണിക്കൂറിനുള്ളില്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നതിനേക്കാള്‍ അധികമായി 572 എംഎം മഴ ജില്ലയില്‍ പെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജൂലൈ 29-നു രണ്ടു മണിക്കു മണ്ണിടിച്ചില്‍ സാധ്യത സംബന്ധിച്ച് നല്‍കിയ മുന്നറിയിപ്പില്‍ 30, 31 തീയതികളില്‍ ഗ്രീൻ അലര്‍ട്ടാണ് നല്‍കിയിരുന്നതെന്നാണു മുഖ്യമന്ത്രി പറയുന്നത്. ചിലയിടങ്ങളില്‍ ചെറിയ മണ്ണിടിച്ചിലിനു സാധ്യത എന്നാണ് ഇതിനര്‍ഥമെന്നും അമിത് ഷാ പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകള്‍ കേന്ദ്ര കാലാവസ്ഥാ ഏജന്‍സികളുടെ കേരളഘടകങ്ങളെ കുറച്ചൊന്നുമല്ല കുഴപ്പത്തിലാക്കിയത്. ജൂലൈ 29, 30 തീയതികളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്നതു സംബന്ധിച്ചു പ്രത്യേക മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ല. അമിത് ഷാ കുറ്റപ്പെടുത്തിയതോടെ ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലെ വിവരങ്ങള്‍ പരിശോധിച്ചു. ഇതിനു ശേഷമാണ് കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ പാളിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. 

കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വയനാട്ടില്‍ 3 മഴ നിരീക്ഷണ കേന്ദ്രങ്ങളും ഏഴ് ഓട്ടമാറ്റിക് വെതര്‍ സ്‌റ്റേഷനുകളും മൂന്ന് ഓട്ടമാറ്റിക് റെയിന്‍ ഗേജ് സ്‌റ്റേഷനുകളുമാണുള്ളത്. ഇതിനു പുറമേ വയനാട്ടിലെ ഉള്‍പ്പെടെ കാലാവസ്ഥാ വിവരങ്ങള്‍ തല്‍സമയം നല്‍കാന്‍ കഴിയുന്ന റഡാര്‍ സംവിധാനം കൊച്ചിയിലും പ്രവര്‍ത്തിക്കുന്നുണ്ട്. മഴ മൂലം ഉണ്ടാകുന്ന മണ്ണിടിച്ചില്‍ സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം അടുത്തിടെയാണു സ്ഥാപിച്ചതെന്നും ട്രയല്‍ റണ്‍ ആണ് നടക്കുന്നതെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

Wayanad disaster IMD chief speaks

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com