ഗെസ്റ്റ് ഹൗസിൽ ബോംബ് ‘കാത്തിരുന്നത്’ രണ്ടു മാസം; ഇറാന് ഞെട്ടലായി ഹനിയ കൊലപാതകം

Mail This Article
ടെഹ്റാൻ∙ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയയെ വധിച്ചതെന്ന് റിപ്പോർട്ട്. ഇസ്മയിൽ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ട് മാസം മുൻപ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം പുലർച്ചെ രണ്ടു മണിയോടെയാണ് ബോംബ് പൊട്ടിയത്. പരിഭ്രാന്തരായ ജീവനക്കാർ ശബ്ദത്തിന്റെ ഉറവിടംതേടി ഓട്ടമായിരുന്നുവെന്നും പിന്നീടാണ് ഹനിയയുടെ മുറിയാണെന്നു തിരിച്ചറിഞ്ഞതെന്നുമാണ് റിപ്പോർട്ട്. കോംപൗണ്ടിലുണ്ടായിരുന്ന മെഡിക്കൽ സംഘം ഓടിയെത്തി പരിശോധിച്ചെങ്കിലും ഹനിയ തൽക്ഷണം മരിച്ചതായി കണ്ടെത്തി. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനും സ്ഫോടനത്തിൽ മരിച്ചിരുന്നു.
ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമാണ് ഇസ്മയിൽ ഹനിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വടക്കൻ ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രത്തിലായിരുന്നു ഹനിയ താമസിച്ച നെഷാത്ത് എന്നറിയപ്പെടുന്ന ഗെസ്റ്റ് ഹൗസ്. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡുകളുടെ നിയന്ത്രണത്തിലുള്ള ഇവിടെയാണ് തന്ത്രപ്രധാന യോഗങ്ങൾ ചേരുന്നതും പ്രധാന അതിഥികളെ താമസിപ്പിക്കുന്നതും. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു സ്ഫോടനം നടത്തുകയായിരുന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹനിയ മുറിയിലെത്തിയെന്ന് ഉറപ്പായതിനുപിന്നാലെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ജനലുകൾ ഇളകിത്തെറിച്ചു. എന്നാൽ ആകെയാ കെട്ടിട സമുച്ചയത്തിൽ കാര്യമായ നാശമുണ്ടായിട്ടില്ല. മുൻപു പലപ്പോഴും ടെഹ്റാൻ സന്ദർശിക്കുമ്പോൾ ഹനിയെ ഈ ഗെസ്റ്റ് ഹൗസിലാണു താമസിക്കാറ്. ആക്രമണ വിവരം പുറത്തറിഞ്ഞപ്പോൾത്തന്നെ മിസൈൽ ആക്രമണ സാധ്യതയാണു പരിശോധിച്ചത്. പിന്നീടു നടത്തിയ അന്വേഷണത്തിലാണു രണ്ടുമാസങ്ങൾക്കുമുൻപ് ഒളിപ്പിച്ചുവച്ച ബോംബാണ് പൊട്ടിയതെന്നു വ്യക്തമായത്. ഈ ഗെസ്റ്റ് ഹൗസിൽ ഇറാന്റെ അതീവ സുരക്ഷയേറിയ പല യോഗങ്ങളും നടക്കാറുള്ളതിനാൽ വലിയ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചോദ്യം ഉയർന്നിട്ടുണ്ട്. റെവലൂഷനറി ഗാർഡ്സിന്റെ പല യോഗങ്ങളും ഇതിൽ നടക്കാറുമുണ്ട്. എങ്ങനെയാണ് ബോംബ് ഇവിടെയെത്തിയെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഖത്തറിലായിരുന്നു ഹനിയ ഉൾപ്പെടെയുള്ള ഹമാസിന്റെ മുതിർന്ന നേതാക്കൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഖത്തറിനു പുറത്തുവച്ച് കൊലപ്പെടുത്താൻ ഇസ്രയേൽ തീരുമാനിച്ചതെന്നു വ്യക്തമല്ല. ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്കു നേതൃത്വം നൽകുന്നത് ഖത്തർ സർക്കാരിന്റെ നേതൃത്വത്തിലാണ്.
ഇസ്രയേലാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. എന്നാൽ ഇസ്രയേൽ ഇതുവരെ ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിനു പിന്നാലെതന്നെ യുഎസിനെയും മറ്റു പ്രധാന പാശ്ചാത്യ രാജ്യങ്ങളെയും ഇസ്രയേൽ വിവരം അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തെക്കുറിച്ച് യുഎസിനു മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ. ബ്ലിങ്കൻ അറിയിച്ചിരുന്നു. അതേസമയം, ഹനിയയുടെ വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്.
പലസ്തീനിയൻ ഇസ്‌ലാമിക് ജിഹാദ് നേതാവ് സിയാദ് അൽ നഖാല തൊട്ടടുത്ത മുറിയിൽ താമസിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുറിക്ക് കാര്യമായ നാശനഷ്ടമുണ്ടായില്ല. അതുകൊണ്ടുതന്നെ ഹനിയയെ വധിക്കാൻ കൃത്യമായി ആസൂത്രണം ചെയ്തൊരുക്കിയ സ്ഫോടനമായിരുന്നു അതെന്നു വ്യക്തമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥരിൽനിന്നുള്ള വിവരംകൂടി ഉൾപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ ഹമാസിന്റെ ഡപ്യൂട്ടി കമാൻഡറായ ഖലീൽ അൽ – ഹയ്യയും ആക്രമണത്തിനു പിന്നാലെ സ്ഥലത്തെത്തിയിരുന്നു. നിർമിത ബുദ്ധി നിയന്ത്രിത ആയുധമാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് കരുതുന്നത്. 2020ൽ ഇറാന്റെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മൊഹ്സെൻ ഫഖ്രിസാദെയെ ഇസ്രയേൽ കൊലപ്പെടുത്തിയത് ഇതേ ആയുധം ഉപയോഗിച്ചായിരുന്നു.
ഏപ്രിലിൽ ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ ഹനിയയുടെ 3 ആൺമക്കളും 4 പേരക്കുട്ടികളും കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിനുശേഷം സംഘടനയുടെ നേതാക്കളെ വകവരുത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദായിഫിനെ വധിച്ചതായി കഴിഞ്ഞ ദിവസം ഇസ്രയേൽ സേന അവകാശപ്പെട്ടു.