മുണ്ടക്കൈയിൽ ഇനി മനുഷ്യരുണ്ടാകാൻ സാധ്യത കുറവ്, അമിത് ഷായ്‌ക്കെതിരെ അവകാശലംഘന നോട്ടിസ്: പ്രധാനവാർത്തകൾ
Mail This Article
1. മേപ്പാടി∙ മുണ്ടക്കൈ ദുരന്തമേഖലയിൽ സജീവ മനുഷ്യസാന്നിധ്യം കുറവെന്നു കണ്ടെത്തല്‍. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെർമല്‍ ഇമേജിങ് പരിശോധനയിലാണു സജീവ മനുഷ്യസാന്നിധ്യം കുറവാണെന്നു കണ്ടെത്തിയിരിക്കുന്നത്. ദുരന്തമേഖലയിൽനിന്നു ജീവനുള്ള എല്ലാവരെയും രക്ഷിച്ചെന്നു സർക്കാരും സൈന്യവും നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഏജന്‍സിയാണു ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഡ്രോണ്‍ പരിശോധന നടത്തിയത്. തെർമല്‍ ഇമേജിങ് പരിശോധനാ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിനു കൈമാറി.
2. ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടിസ് നല്‍കി കോൺഗ്രസ്. വയനാട് ഉരുൾപ്പൊട്ടലിൽ മുന്നറിയിപ്പു നൽകിയിരുന്നു എന്ന പ്രസ്താവനയ്ക്ക് എതിരെയാണു നോട്ടിസ്. ലോക്സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാണു ജയറാം രമേശ്, ദ്വിഗ് വിജയ് സിങ് എന്നിവര്‍ നല്‍കിയ നോട്ടിസില്‍ പറയുന്നത്. മുന്നറിയിപ്പ് ഇല്ലായിരുന്നെന്നു പ്രധാന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതു സഭയോടുള്ള അവഹേളനമാണെന്നും നോട്ടിസില്‍ പറയുന്നു.
3.കൊച്ചി ∙ ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കോടതിയുടെ വിധി. ‘പഞ്ചാബി ഹൗസ്’ എന്ന പേരിൽ നിർമിച്ച വീടിന്റെ ആവശ്യത്തിനായി എറണാകുളത്തെ ടൈൽസ് സെന്ററിൽ നിന്ന് 2.75 ലക്ഷം രൂപയുടെ ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ പതിക്കുകയും ചെയ്തിരുന്നു. ഹരിശ്രീ അശോകന് ടൈൽസ് വിറ്റ സ്ഥാപനം, ടൈൽസ് ഇറക്കുമതി ചെയ്ത കമ്പനി, ടൈൽസ് ഹരിശ്രീ അശോകന്റെ വീട്ടിൽ പതിപ്പിച്ച കരാർ സ്ഥാപനം എന്നിവരാണ് നഷ്ട പരിഹാരം നൽകേണ്ടത്
വായിക്കാം: ‘പഞ്ചാബി ഹൗസ്’ നിർമാണത്തിലെ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം
4.ഷിരൂർ(കർണാടക)∙ കോഴിക്കോട് സ്വദേശിയായ അർജുനും ലോറിയും അടക്കം അപകടത്തിൽപ്പെട്ട, ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66–ൽ ഗതാഗതം പുനഃരാരംഭിച്ചു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിന് 17 ദിവസത്തിനു ശേഷമാണ് ഈ പാതയിലൂടെ ഗതാഗതം അനുവദിച്ചത്.
വായിക്കാം: അർജുനായുള്ള തിരച്ചിൽ നിലച്ചു; ഷിരൂരിൽ 17 ദിവസത്തിന് ശേഷം വാഹനങ്ങൾ കടത്തിവിട്ടു
5. ടെഹ്റാൻ∙ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയയെ വധിച്ചതെന്ന് റിപ്പോർട്ട്. ഇസ്മയിൽ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ട് മാസം മുൻപ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം പുലർച്ചെ രണ്ടു മണിയോടെയാണ് ബോംബ് പൊട്ടിയത്. പരിഭ്രാന്തരായ ജീവനക്കാർ ശബ്ദത്തിന്റെ ഉറവിടംതേടി ഓട്ടമായിരുന്നുവെന്നും പിന്നീടാണ് ഹനിയയുടെ മുറിയാണെന്നു തിരിച്ചറിഞ്ഞതെന്നുമാണ് റിപ്പോർട്ട്
വായിക്കാം: ഗെസ്റ്റ് ഹൗസിൽ ബോംബ് ‘കാത്തിരുന്നത്’ രണ്ടു മാസം; ഇറാന് ഞെട്ടലായി ഹനിയ കൊലപാതകം