‘കേരളത്തിലെ നീറ്റ് പിജി പരീക്ഷാകേന്ദ്രത്തിനുള്ള നടപടി തുടങ്ങി, ഓഗസ്റ്റ് 5 ന് സെന്റർ പ്രഖ്യാപിക്കും’
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ നീറ്റ് പിജി പരീക്ഷാകേന്ദ്രം അനുവദിക്കാനുള്ള നടപടി തുടങ്ങിയെന്നും ഓഗസ്റ്റ് 5ന് സെന്റർ പ്രഖ്യാപിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ടു നിവേദനം നൽകിയിരുന്നെന്നും സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറഞ്ഞു.
കേരളത്തിലെ നൂറുകണക്കിന് എംബിബിഎസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി പരീക്ഷാ കേന്ദ്രം വേണമെന്നത്. ഈ ആവശ്യമുന്നയിച്ചാണ് ആരോഗ്യമന്ത്രി ജെ.പി നദ്ദയ്ക്ക് ജൂലൈ 31ന് നിവേദനം നൽകുകയും ഫോണിൽ സംസാരിക്കുകയും ചെയ്തതെന്നു കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ശനിയാഴ്ച ജെ.പി നദ്ദ വിളിച്ച് ഈ കാര്യം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ ആയിട്ടുണ്ടെന്നും ഓഗസ്റ്റ് അഞ്ചാം തീയതി സെന്റർ പ്രഖ്യാപിക്കുമെന്നു തന്നെ അറിയിച്ചതായും കെ. സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കേരളത്തിൽ നീറ്റ് പിജി പരീക്ഷാകേന്ദ്രം അനുവദിക്കാനുള്ള നടപടിയെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആരോഗ്യമന്ത്രി ജെ. പി നദ്ദയ്ക്കും കെ.സുരേന്ദ്രൻ നന്ദി അറിയിക്കുകയും ചെയ്തു.