ഗാസയിൽ ബോംബ് ആക്രമണം: ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടർച്ചയായി സ്ഫോടനം, 17 മരണം
Mail This Article
ടെല്‍ അവീവ്∙ ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ 3 ബോംബ് ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. പലസ്തീനികൾ അഭയം തേടിയ സ്കൂളിനു നേരെയായിരുന്നു ആക്രമണം. ഷെയ്ഖ് റദ്‍വാനിലെ സ്കൂള്‍ ആക്രമണത്തില്‍ തകർന്നു. ആദ്യ ബോംബ് വീണതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടർച്ചയായി ബോംബ് സ്ഫോടനം നടക്കുകയായിരുന്നു. റഫയിലെ ഒരു വീടിനു നേരെ നടന്ന ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന 6 പേരും കൊല്ലപ്പെട്ടു.
-
Also Read
സൊമാലിയ ഹോട്ടലിൽ ഭീകരാക്രമണം: 32 മരണം
വെസ്റ്റ് ബാങ്കിൽ നടന്ന 2 ആക്രമണങ്ങളിലായി ഹമാസിന്റെ ഒരു കമാൻഡർ ഉൾപ്പെടെ 9 പേരും കൊല്ലപ്പെട്ടു. തുൽക്രം പട്ടണത്തിൽ ഹമാസ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ നടന്ന വ്യോമാക്രമണത്തിലാണു പ്രാദേശിക കമാൻഡർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടത്. മറ്റൊരു ആക്രമണത്തിൽ 4 ഇസ്‍ലാമിക് ജിഹാദ് പ്രവർത്തകരും കൊല്ലപ്പെട്ടു.
വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഇപ്പോഴത്തെ സംഘർഷം ആരംഭിച്ചശേഷം വെസ്റ്റ് ബാങ്കിൽ മരണം 590 കടന്നു. ഇതേസമയം, മധ്യപൂർവദേശത്തെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ യുദ്ധവിമാനങ്ങളും ഒരു വിമാനവാഹിനിക്കപ്പലും അയയ്ക്കുമെന്ന് യുഎസ് അറിയിച്ചു.
ഹമാസ് മേധാവി ഹനിയയെ വധിച്ചത് ഗാസയിലെ വെടിനിർത്തൽ ശ്രമങ്ങൾക്ക് തടസ്സമായെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവിനെ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് യുഎസിന്റെ നീക്കം. ടെഹ്റാനിൽ വച്ച് ഹനിയ കൊല്ലപ്പെട്ടതിനു പിന്നിൽ ഇസ്രയേലാണെന്നും തക്ക സമയത്ത് തിരിച്ചടി നൽകുമെന്നും ഇറാന്റെ റവല്യൂഷനറി ഗാർഡ് അറിയിച്ചിട്ടുണ്ട്.