‘സുജീത്ത് ചതിച്ചതിലുള്ള വൈരാഗ്യം’: വെടിയുതിർത്ത വനിതാ ഡോക്ടറുമായി ഷിനിയുടെ വീട്ടിൽ തെളിവെടുപ്പ്
Mail This Article
തിരുവനന്തപുരം ∙ നാഷനല്‍ ഹെല്‍ത്ത് മിഷന് ഉദ്യോഗസ്ഥ ഷിനിയെ വെടിവച്ചു പരുക്കേല്പിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട വനിതാ ഡോക്ടറെ കൃത്യം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. പ്രതി ഒരു വര്‍ഷം മുന്‍പുതന്നെ ഷിനിയുടെ വീടിനു സമീപത്തെത്തിയിട്ടുണ്ടെന്നു പൊലീസിനോടു പറഞ്ഞു. ആസൂത്രണം സംബന്ധിച്ചും പ്രതി വെളിപ്പെടുത്തി. ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ആര്‍ക്കും വാങ്ങാന്‍ കഴിയുമെന്നതിനാലാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. തന്നെ ചതിച്ച സുജീത്തിനോടുള്ള വൈരാഗ്യമാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പ്രതി ആവര്‍ത്തിച്ചു.
വനിതാ ഡോക്ടറുടെ പരാതിയില്‍ ഷിനിയുടെ ഭര്‍ത്താവ് സുജീത്തിനെതിരെ എതിരെ എടുത്ത കേസ് കോടതി കൊല്ലത്തേക്ക് കൈമാറി. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നും വനിതാ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. സുജീത്തിനെ കാണാന്‍ ഡോക്ടര്‍ മാലദ്വീപില്‍ പോയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്ന ഡോക്ടറുടെ മൊഴിയിലാണ് കേസെടുത്തത്. തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതിനാലാണ് സുജീത്തിന്റെ ഭാര്യ ഷിനിയെ ഉപദ്രവിക്കാന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു.
ജൂലൈ 28ന് രാവിലെ എട്ടരയോടെ പാല്‍ക്കുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ഷിനിയുടെ വീട്ടിലെത്തിയ പ്രതി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചു മൂന്നു തവണ വെടിയുതിര്‍ത്തു. ആക്രമണം ചെറുക്കുന്നതിനിടെ മൂന്നാമത്തെ പെല്ലറ്റ് വലതു കൈവെള്ളയില്‍ തുളഞ്ഞു കയറിയാണ് ഷിനിക്കു പരുക്കേറ്റത്. ഷിനിയുടെ വീട്ടില്‍ എത്താന്‍ പ്രതി ഉപയോഗിച്ച കാര്‍ ഭര്‍ത്താവിന്റെ ആയൂരിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ കാറിന്റെ ദൃശ്യങ്ങളും സൈബര്‍ സെല്‍ വഴി ലഭിച്ച വിവരങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.