ഉരുളിൽ ഉരുകി ഷൈജ; മൃതദേഹങ്ങൾക്കൊപ്പം ജീവിതം, തിരിച്ചറിഞ്ഞത് നൂറിലേറെ മനുഷ്യരെ
Mail This Article
മേപ്പാടി ∙ ഒരാഴ്ചയായി ഷൈജയുടെ ജീവിതം മൃതദേഹങ്ങൾക്കൊപ്പാണ്. ചൂരൽമല ഉരുൾപൊട്ടലിൽ ചിതറിപ്പോയ മനുഷ്യരുടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു ദൗത്യം. ഒരാഴ്ചയായി ഷൈജ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലാണ്. മുണ്ടക്കൈയിൽ പഞ്ചായത്ത് അംഗമായിരുന്ന ആശാ വർക്കർ കൂടിയായ ഷൈജയ്ക്കു മുണ്ടക്കൈയിലെ ഓരോ വീട്ടുകാരെയും അറിയാം. ബന്ധുക്കൾക്കു തിരിച്ചറിയാൻ സാധിക്കാതെ വന്നപ്പോൾ ഷൈജയാണു പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞ്.
വേണ്ടപ്പെട്ടവരുടെ മൃതദേഹമല്ല എന്ന് പറഞ്ഞുപോയ പലരേയും തിരിച്ചുവിളിച്ചു മൃതദേഹത്തിലെ അടയാളങ്ങൾ കാണിച്ചുകൊടുത്ത് നിങ്ങളുടെ ഉറ്റവർ തന്നെയാണിതെന്ന് ഷൈജ അറിയിച്ചു. ഇതോടെ ബന്ധുക്കളെ നഷ്ടപ്പെട്ടവർ, മൃതദേഹം കിട്ടിയാൽ അറിയിക്കണമെന്ന് ഷൈജയെ ചുമതലപ്പെടുത്തി. നൂറിലധികം മൃതദേഹങ്ങളാണ് ഷൈജ തിരിച്ചറിഞ്ഞത്. ഉരുൾപൊട്ടലിൽ ബന്ധുക്കളിൽ നിരവധിപ്പേരെ ഷൈജയ്ക്കും നഷ്ടമായി. ഷൈജ ‘മനോരമ ഓൺലൈനോട്’ സംസാരിക്കുന്നു.
‘‘രാത്രിയിൽ ഉരുൾ പൊട്ടിയപ്പോൾ തന്നെ തുടരെ ഫോൾകോൾ വന്നു. ഓരോ പ്രദേശത്തുനിന്നും വിളികൾ വരാൻ തുടങ്ങിയതോടെ വലിയ അപകടം സംഭവിച്ചെന്ന് മനസ്സിലായി. അപകടവിവരം പലരെയും വിളിച്ചു പറഞ്ഞു. ആരോഗ്യ വകുപ്പിനെയും അറിയിച്ചു. മരണം ഉണ്ടാകുമോ എന്നാണ് ആ ഉദ്യോഗസ്ഥൻ ചോദിച്ചത്. മുന്നൂറിലധികം പേർ മരിക്കാൻ ഇടയുണ്ടെന്ന് ഞാൻ പറഞ്ഞു. ആശുപത്രിയിലേക്കാണു ഞാൻ വന്നത്. നേരം െവളുത്ത് അധികം വൈകാതെ തന്നെ മൃതദേഹങ്ങൾ എത്താൻ തുടങ്ങി.
ആദ്യമെത്തിയ മൃതദേഹം പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. മൃതദേഹം കണ്ട ബന്ധു ഇതു ഞങ്ങളുടെ ആളല്ല എന്ന് പറഞ്ഞു മടങ്ങി. പിന്നീട് ഈ മൃതദേഹം ഞാൻ കാണുകയും മടങ്ങിപ്പോയ ആളുടെ ബന്ധുവാണെന്ന് തിരിച്ചറിയുകയും അവരെ തിരിച്ചുവിളിക്കുകയുമായിരുന്നു. പുരികവും നഖവും ഉൾപ്പെടെ നോക്കിയാണ് മൃതദേഹം തിരിച്ചറിയാൻ തുടങ്ങിയത്. മനുഷ്യശരീരത്തെക്കുറിച്ച് പണ്ട് പഠിച്ചതെല്ലാം നേരിൽ കണ്ടു. ഓരോ ഭാഗങ്ങളായാണ് മൃതദേഹം ആശുപത്രിയിൽ എത്തിയത്. മനംമടുപ്പിക്കുന്ന കാഴ്ചയായിട്ടും മാറിനൽക്കാനായില്ല.’’ – ഷൈജ പറഞ്ഞു.
29 വർഷം മുണ്ടക്കൈയിൽ താമസിച്ച ഷൈജ, 2019ൽ ഉരുൾപൊട്ടിയപ്പോൾ മേപ്പാടിയിൽ വാടകവീട്ടിലേക്കു താമസം മാറി. 2005ൽ കടബാധ്യതമൂലം ഭർത്താവ് ആത്മഹത്യ ചെയ്തു. 2 കൈക്കുഞ്ഞുങ്ങളുമായി എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഷൈജയെ ചേർത്തുപിടിച്ചത് മുണ്ടക്കൈക്കാരാണ്. അതുകൊണ്ട് മുണ്ടക്കൈയിലെ ഓരോ ആളും ഷൈജയുടെ ബന്ധുവാണ്. 2 മക്കളും വിവാഹിതരായി. തിരഞ്ഞെടുപ്പിൽ മത്സരിച്ചു മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. ഷൈജയുടെ സ്വന്തം സ്ഥലം ചൂരൽമലയാണ്. മുണ്ടക്കൈയിലേക്ക് വിവാഹം ചെയ്തുകൊണ്ടുപോയതാണ്. ഒരു മൃതദേഹം പോലും അജ്ഞാതമായിപ്പോകരുതെന്നാണ് ഷൈജയുടെ ആഗ്രഹം. പല മൃതദേഹങ്ങളിലും ഒരടയാളം പോലും ശേഷിക്കുന്നുണ്ടായിരുന്നില്ലെന്ന് ഷൈജ പറയുന്നു