ബംഗ്ലദേശിനെ സ്ഥിരതയിലേക്ക് നയിക്കുമോ മുഹമ്മദ് യൂനുസ്; മന്ത്രിസഭയിലും ആകാംക്ഷ
Mail This Article
ധാക്ക ∙ കലാപകലുഷിതമായ ബംഗ്ലദേശിനെ സ്ഥിരതയിലേക്ക് നയിക്കുകയെന്ന വലിയ ഉത്തരവാദിത്തവുമായാണ് നോബേൽ ജേതാവ് മുഹമ്മദ് യൂനൂസ് ഇന്നു സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നത്. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ സാമ്പത്തികാവസ്ഥ പിടിവിടാതെ നോക്കണമെന്നതാണ് പ്രധാന വെല്ലുവിളി. ഒരു കാലത്ത് സാമ്പത്തികമേഖല അപ്പാടെ തകിടം മറിഞ്ഞ ബംഗ്ലദേശിനു ആ രംഗത്ത് വീഴ്ച ഉണ്ടായാൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങൾ നല്ലതുപോലെ അറിയാം. ബംഗ്ലദേശിലെ ഗ്രാമീൺ ബാങ്കുകളുടെ സ്ഥാപകനായ മുഹമ്മദ് യൂനുസിനു മേൽ വലിയ തോതിലുള്ള പ്രതീക്ഷയാണ് പ്രക്ഷോഭകാരികൾ പുലർത്തുന്നത്.
പൊലീസ് അസോസിയേഷൻ നേതൃത്വത്തെ മുഴുവൻ പുറത്താക്കി പുതിയ 39 അംഗ കമ്മിറ്റി അധികാരം ഏറ്റെടുത്തു. ഷെയ്ഖ് ഹസീന അനുകൂലികളായ ഉദ്യോഗസ്ഥരെല്ലാം ഒളിവിലാണ്. ഇന്ന് രാത്രി പുതിയ സർക്കാർ ചുമതലയേൽക്കുമെന്ന് സൈനിക മേധാവി ജനറൽ വഖാറുസ്സമാൻ അടക്കമുള്ളവർ അറിയിച്ചിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് മുഹമ്മദ് യൂനുസ് ധാക്കയിൽ വിമാനമിറങ്ങുമെന്നാണ് വിവരം. രാത്രി എട്ടോടെ ഇടക്കാല സർക്കാർ അധികാരമേൽക്കും. പതിനഞ്ചംഗ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകും എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ആകാംക്ഷ.
അക്രമങ്ങൾ നിയന്ത്രിക്കണമെന്നും സമാധാനം പാലിക്കണമെന്നും യൂനുസ് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിൽ വിദ്യാർഥി പ്രതിനിധികളുടെ താൽപര്യങ്ങൾക്കാകും മുൻതൂക്കം. ജയിൽ മോചിതയായ മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഇന്നലെ ബിഎൻപി റാലിയെ അഭിസംബോധന ചെയ്തതു വിദ്യാർഥി പ്രക്ഷോഭങ്ങളെ പ്രകീർത്തിച്ചായിരുന്നു. മൂന്നു മാസത്തിനകം രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ബംഗ്ലദേശ് നാഷനൽ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സംഘം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും സ്വതന്ത്ര ബംഗ്ലദേശിനെ സംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നുമാണ് ബിഎൻപിയുടെ ആവശ്യം.
പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണ്. ലണ്ടനിലടക്കം രാഷ്ട്രീയ അഭയം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അവർ മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള ശ്രമം നടത്തുന്നുണ്ട്. മറ്റേതെങ്കിലും രാജ്യത്തു രാഷ്ട്രീയ അഭയം ലഭിക്കുന്നതുവരെ ഹസീനയ്ക്ക് ഇവിടെ തുടരാമെന്നു കേന്ദ്ര സർക്കാർ തീരുമാനം.