അഴിമതിക്കറ പുരളാത്ത നേതാവ്; പടിയിറക്കം വലിയ തോൽവിയോടെ, സാഹിത്യവും ഇഷ്ടം
Mail This Article
കൊൽക്കത്ത ∙ മുപ്പത്തിമൂന്നാം വയസ്സിൽ സിപിഎമ്മിനൊപ്പം വിജയവും ഭരണവും തുടങ്ങിയ നേതാവാണു ബുദ്ധദേവ് ഭട്ടാചാര്യ. വളർച്ചയുടെ പടികളൊന്നൊന്നായി കയറി, ജ്യോതിബസു എന്ന അതികായന്റെ പിൻഗാമിയായി ബംഗാൾ മുഖ്യമന്ത്രിയായി. രണ്ടുതവണ പാർട്ടിയെ തിരഞ്ഞെടുപ്പു വിജയത്തിലേക്കു നയിച്ചു. മികച്ച സംഘാടകൻ, ഭരണാധികാരി, എഴുത്തുകാരൻ, അഴിമതിക്കറ പുരളാത്ത വ്യക്തി തുടങ്ങിയ വിശേഷണങ്ങൾ പകർന്ന മികച്ച പ്രതിച്ഛായയുമായാണു 2000ൽ ബുദ്ധദേവ് മുഖ്യമന്ത്രിയായത്. എന്നാൽ, ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന്റെ ഉത്തരവാദിത്തവും പേറി അധികാരത്തിൽനിന്നു പടിയിറങ്ങേണ്ട ദുരോഗ്യമാണ് അദ്ദേഹത്തെ കാത്തിരുന്നത്.
മൂന്നാമൂഴത്തിൽ കാത്തിരുന്നതു കടുത്ത പ്രതിസന്ധികളായിരുന്നു. വ്യവസായ നയങ്ങളാണ് ഏറെ തിരിച്ചടിയായത്. സിംഗൂരിൽ ടാറ്റാ മോട്ടഴ്‌സിന് ആയിരത്തോളം ഏക്കർ നെൽക്കൃഷി ഭൂമി നൽകാനുളള നീക്കം വൻ വിവാദമായി. 2007ൽ വ്യവസായികൾക്കു വേണ്ടി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ നന്ദിഗ്രാമിൽ വൻ പ്രക്ഷോഭം നടന്നു. അന്നു പ്രതിഷേധ പ്രകടനത്തിനു നേരെ നടന്ന പൊലീസ് വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. ഇതോടെ ഭരണത്തിനെതിരെ ജനവികാരം ശക്തമായി. രാഷ്ട്രീയ കാലാവസ്ഥ തൃണമൂൽ കോൺഗ്രസിന് അനുകൂലമായി വീശി. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ ഒന്നുമാത്രം നേടിയിരുന്ന തൃണമൂൽ 2009ൽ 19 സീറ്റുകൾ പിടിച്ചത് വലിയ സൂചനയായിരുന്നു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിനൊപ്പം ബുദ്ധദേവും 9 മന്ത്രിമാരും തോറ്റു. 34 വർഷത്തെ ഇടതുപക്ഷ ഭരണം അവസാനിക്കാൻ തന്റെ സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിവാദം കാരണമായെന്നു സമ്മതിച്ചെങ്കിലും നയത്തിൽ ബുദ്ധദേവ് പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നില്ല. വ്യവസായ വളർച്ചയുടെ നല്ലഫലം ജനത്തിനു മനസ്സിലായില്ലെന്നാണ് അദ്ദേഹം പരിതപിച്ചത്.
രാഷ്ട്രീക്കാരനെന്നതിനൊപ്പം ബുദ്ധിജീവിയും സാഹിത്യകാരനുമായിരുന്നു ബുദ്ധദേവ്. ബംഗാളി ഭാഷയിൽ ശ്രദ്ധേയമായ സാഹിത്യപഠനങ്ങൾ നടത്തി. ടി.എസ്.എലിയറ്റ്, പാബ്ലോ നെരൂദ, ഗബ്രിയേൽ ഗാർസിയ മാർക്വേസ്, വ്ലാഡിമിർ മയക്കോവ്സ്കി തുടങ്ങിയവരുടെ കൃതികൾ വിവർത്തനം ചെയ്തു. ‘ചെനെ ഫുലർ ബന്ദോ’ എന്ന കവിതാസമാഹാരവും ‘ദുഷ്മായ് ’ എന്ന നാടകവും രചിച്ചിട്ടുണ്ട്. രവീന്ദ്ര സംഗീതത്തിന്റെ ആസ്വാദകനായിരുന്ന അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴും ചെറിയ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. 2022ൽ രാജ്യം പദ്മഭൂഷൻ നൽകിയെങ്കിലും ബുദ്ധദേവ് നിരസിച്ചു.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎമ്മിനു വോട്ടുപിടിക്കാൻ ബുദ്ധദേവ് ഭട്ടാചാര്യയുടെ എഐ പ്രത്യക്ഷപ്പെട്ടിരുന്നു. നിർമിതബുദ്ധി ഉപയോഗിച്ചു സൃഷ്ടിച്ച വിഡിയോ സിപിഎം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. താടി വളർത്തിയ രൂപത്തിലാണു ബുദ്ധദേവിനെ ചിത്രീകരിച്ചത്. അദ്ദേഹം സജീവമായിരുന്നെങ്കിൽ എന്തു സംസാരിക്കുമായിരുന്നു എന്നതാണു വിഡിയോയിലുള്ളതെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. അസുഖം മൂലം പൊതുവേദികളിൽ ബുദ്ധദേവ് പ്രത്യക്ഷപ്പെടാതിരുന്നതിനാലാണ് എഐ ഉപയോഗിച്ചുള്ള വിഡിയോ ഇറക്കിയത്. ‘‘ആരാണ് നരേന്ദ്ര മോദി?ആരാണ് മമത ബാനർജി? നമ്മുടെ രാജ്യത്തെയും സംസ്ഥാനത്തെയും നശിപ്പിക്കാൻ ഇനിയൊരു അവസരം കൂടി അവർക്ക് നൽകരുത്’’എന്നാണ് വിഡിയോയിലൂടെ പറഞ്ഞത്.