അട്ടിമറിക്ക് പിന്നിൽ ഐഎസ്ഐ, അമ്മയ്ക്ക് അഭയം നൽകിയ മോദിക്ക് നന്ദി: ഷെയ്ഖ് ഹസീനയുടെ മകൻ
Mail This Article
ധാക്ക∙ രാജിവച്ച് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലദേശിലേക്ക് തിരികെയെത്തുമെന്ന് മകൻ സജീബ് വസേദ്. വാർത്ത ഏജൻസി പിടിഐയോടാണ് സജീബിന്റെ പ്രതികരണം. ബംഗ്ലദേശിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷ പങ്കുവച്ച സജീബ്, ഇതിനായി ഇന്ത്യൻ സർക്കാർ രാജ്യാന്തരതലത്തിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
ഷെയ്ഖ് ഹസീന യുഎസിലോ യുകെയിലോ അഭയം തേടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും സജീബ് നിഷേധിച്ചു. എല്ലാം കിംവദന്തികളാണെന്നും ഷെയ്ഖ് ഹസീന ഈ വിഷയത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സജീബ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ഷെയ്ഖ് ഹസീന തീരുമാനിച്ചിട്ടില്ല. നിലവിൽ ഡൽഹിയില്‍ തന്നെ തുടരാനാണ് നീക്കമെന്നും സജീബ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ഓഗസ്റ്റ് 5 നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ഷെയ്ഖ് മുജീബുറഹ്മാന്റെ കുടുംബത്തിന് ബംഗ്ലാദേശിനെയോ അവാമി ലീഗിനെയോ ഉപേക്ഷിച്ച് പോകാൻ സാധിക്കില്ല. നിർണായകഘട്ടത്തിൽ തന്റെ അമ്മയ്ക്ക് സംരക്ഷണം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സജീബ് നന്ദി പ്രകടിപ്പിച്ചു.
അതേസമയം ബംഗ്ലദേശിലെ അശാന്തിക്ക് ആക്കം കൂട്ടിയതിന് പിന്നിൽ പാകിസ്ഥാന്റെ പങ്കിനെ കുറിച്ചും സജീബ് വസേദ് കുറ്റപ്പെടുത്തി. കലാപത്തിന് പിന്നിൽ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ ഇടപെടൽ സൂചിപ്പിക്കുന്ന സാഹചര്യ തെളിവുകളുണ്ടെന്നും സജീബ് പറഞ്ഞു. ആക്രമണങ്ങളും പ്രതിഷേധങ്ങളും ഏകോപിപ്പിച്ചതും ആസൂത്രണം ചെയ്തതും സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥിതിഗതികൾ വഷളാക്കിയതും ഐഎസ്ഐ ആണെന്നും സജീബ് ആരോപിച്ചു.