ബുദ്ധദേവിനെ അനുസ്മരിച്ച് നേതാക്കൾ; 2 ദിവസത്തെ പാർട്ടിപരിപാടികൾ റദ്ദാക്കിയെന്ന് ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം∙ മുതിർന്ന സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് നേതാക്കൾ. ബുദ്ധദേവിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിയോഗ വാര്‍ത്ത അറിഞ്ഞത് വേദനയോടെയാണ്. സിപിഎം കേന്ദ്ര കമ്മറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞു. എന്നും നിസ്വരോടൊപ്പം നിലകൊള്ളുകയും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ സധൈര്യം ചെറുത്ത് അവരുടെ ജനാധിപധ്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തയാളാണ് ബുദ്ധദേവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ബുദ്ധദേവിന്റെ മരണം ഞെട്ടലുളവാക്കിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. അദ്ദേഹം പാർട്ടിക്കും ബംഗാളിനും നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും യച്ചൂരി കൂട്ടിച്ചേർത്തു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ദുഃഖം രേഖപ്പെടുത്തി.
ബുദ്ധദേവിന്റെ വിയോഗത്തെ തുടർന്ന് സിപിഎം ഇന്നും നാളെയും നടത്താനിരുന്ന പൊതുപരിപാടികൾ റദ്ദാക്കിയതായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള സിപിഎമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെയും നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ഗോവിന്ദൻ പറഞ്ഞു.
ബുദ്ധദേവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ എക്കാലത്തും ഓർമിക്കപ്പെടുന്ന നേതാവാണെന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇടതുപക്ഷത്തിന് നഷ്ടമായത് പരിചയസമ്പന്നനായ നേതാവിനെയാണ്. അദ്ദേഹം കാഴ്ചവച്ച ആത്മവീര്യവും ഉത്സാഹവും യുവതലമുറയ്ക്ക് എന്നും ആവേശം പകരുന്നതാണെന്നും ഷംസീർ പറഞ്ഞു.