‘സാർ, ഫ്യൂസ് ഊരരുത്’, കണ്ണുനിറയും കുറിപ്പുമായി വിദ്യാർഥിനികൾ; സഹായ ഹസ്തവുമായി നിരവധിപേർ

Mail This Article
കോട്ടയം ∙ ‘‘സാർ, ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ.’’ വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ കണക്‌ഷൻ വിച്ഛേദിക്കാൻ വന്ന ലൈൻമാൻ വിനേഷിന്റെ കണ്ണിലാണ് ഈ കുറിപ്പു പെട്ടത്. ബിൽതുക വരവുവച്ച് വൈദ്യുതി വിച്ഛേദിക്കാതെ കുറിപ്പുമായി പോയ വിനേഷ് കുമാർ അത് സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ വൈറലായി.
‘‘ സാമ്പത്തികപ്രശ്നം മൂലം പലപ്പോഴും വൈദ്യുതി ബിൽ അടയ്ക്കാനാവാത്തയാളാണ് അനിൽ. വൈദ്യുതി വിച്ഛേദിക്കാൻ ചെന്നപ്പോഴാണ് ഈ കുറിപ്പ് കണ്ടത്. രണ്ടു പെൺകുട്ടികളും അച്ഛനും മാത്രമാണ് ആ വീട്ടിലുള്ളത്. പാവപ്പെട്ട കുടുംബമാണ്. വളരെ ശോചനീയാവസ്ഥയിലാണ് ആ വീട്. വാതിലില്ല. ഷാളുപയോഗിച്ചാണ് മുറി മറച്ചിരിക്കുന്നത്. ഞാൻ വൈദ്യുതി വിച്ഛേദിക്കാൻ ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. മീറ്ററിന്റെ സമീപമാണ് കുറിപ്പ് കണ്ടത്. കുട്ടികളാകും എഴുതിയതെന്ന് കരുതി, അവിടെ എഴുതിവച്ച നമ്പറിൽ വിളിച്ചു. അനിലാണ് ഫോണെടുത്തത്. കുട്ടികളാണ് കുറിപ്പെഴുതി വച്ചതെന്ന് അദ്ദേഹം പറഞ്ഞു. 461 രൂപയാണ് കറന്റ് ബില്ല്. ബാക്കിയെന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ, 500 രൂപ മുഴുവനായി അടച്ചിടാൻ പറഞ്ഞു.’’– വിനേഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു. നാലു വർഷമായി പത്തനംതിട്ട കോഴഞ്ചേരി സബ്ഡിവിഷനിലെ ലൈൻമാനാണ് വിനേഷ്.
നാലു കൊല്ലത്തിനിടെ പല തവണ ഇത്തരത്തിൽ വൈദ്യുതി വിച്ഛേദിക്കേണ്ടി വന്നിട്ടുണ്ടെന്നും പിന്നീട് പണം കിട്ടുമ്പോൾ അവർ അടയ്ക്കാറുണ്ടെന്നും ബിനീഷ് പറയുന്നു. കോഴഞ്ചേരി ചെറുകോൽ പഞ്ചായത്തിൽ അരീക്കൽഭാഗത്താണ് അനിലിന്റെ വീട്. തയ്യൽക്കടയാണ് അനിലിന്. എന്നാൽ അതിൽനിന്ന് കാര്യമായ വരുമാനമൊന്നും കിട്ടാറില്ല. ഏഴാം ക്ലാസിലും പ്ലസ്വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ് അനിലിനുള്ളത്. ബില്ലടയ്ക്കാൻ പണമില്ലാതെ വരുമ്പോൾ വൈദ്യുതി വിച്ഛേദിക്കുന്നതിനാൽ, പലപ്പോഴും ദിവസങ്ങളോളം ഇരുട്ടത്ത് കഴിയേണ്ടി വന്നതിനാലാണ് ഇങ്ങനെ കുറിപ്പെഴുതിവയ്ക്കേണ്ടി വന്നതെന്നാണ് കുട്ടികൾ പറയുന്നത്.
കുറിപ്പ് വൈറലായതോടെ നിരവധിപ്പേർ സഹായവാഗ്ദാനവുമായെത്തി. കുട്ടികളുടെ അഞ്ചു വർഷത്തെ പഠനച്ചെലവും വീടിന്റെ രണ്ടു വർഷത്തെ വൈദ്യുതി ബിൽ തുകയും ഏറ്റെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചിട്ടുണ്ട്.