‘അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപം’: മാധവി ബുച്ചിനും ഭർത്താവിനുമെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട്
Mail This Article
ന്യൂഡൽഹി∙ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപഴ്സന്‍ മാധവി പുരി ബുച്ചിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധവി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗ് ആരോപണം. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ ഇവർക്ക് നിക്ഷേപമുണ്ടെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിഡൻബർഗ് വെളിപ്പെടുത്തുന്നു. മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിഡൻബർഗ് പുറത്തുവിട്ട രേഖകളിൽ പറയുന്നത്.
അദാനി ഗ്രൂപ്പിന് വിദേശ രാജ്യങ്ങളിൽ രഹസ്യനിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ സെബി ക്ലീൻ ചിറ്റ് നൽകി. 2024 ജൂൺ 27ന് ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടിസും നൽകി. ഇതിനുപിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യയ്‌ക്കെതിരെ വൻ വെളിപ്പെടുത്തൽ ഉടനെന്ന ഒറ്റവരി ഹിൻഡൻബർഗ് റിസർച്ച് ശനിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് രേഖകൾ പുറത്തുവിട്ടത്.
2023 ജനുവരിയിലാണ് ഇന്ത്യൻ രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ ഞെട്ടിച്ച് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഹിൻഡൻബർഗ് ഉന്നയിച്ചത്. വിദേശത്ത് കടലാസ് കമ്പനികൾ രൂപീകരിച്ച്, അവയിലൂടെ സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു മുഖ്യ ആരോപണം. ഇങ്ങനെ പെരുപ്പിച്ച വിലയുള്ള ഓഹരികൾ ഈടുവച്ച് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കിയെന്നും ഹിൻഡൻബർഗ് ആരോപിച്ചു. ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ തകർച്ചയുണ്ടായി. ഏകദേശം 12.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് നഷ്ടമായത്. അദാനി ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ ഗൗതം അദാനിയുടെ ആസ്തിയിലും വൻ ഇടിവുണ്ടായി.