‘45 വർഷമായി സേവിച്ച ജനങ്ങൾ കേട്ടില്ല’; മന്ത്രിസ്ഥാനം രാജിവച്ചതിൽ വിശദീകരണവുമായി ബിജെപി നേതാവ്
Mail This Article
ജയ്പുർ∙ 45 വർഷമായി സേവിച്ച ജനങ്ങൾ തന്നെ കേൾക്കാത്തതിനാലാണ് താൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചതെന്ന് രാജസ്ഥാനിലെ ബിജെപി നേതാവ് കിരോഡി ലാൽ മീണ. ലോക ഗോത്രവർഗ ദിനത്തോട് അനുബന്ധിച്ച് ഗോത്ര ഭൂരിപക്ഷ ജില്ലയായ ദൗസയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു കിരോഡി ലാൽ രാജിവച്ചതിനു പിന്നിലെ കാരണം വ്യക്തമാക്കിയത്. രാജസ്ഥാൻ സർക്കാരിൽ കൃഷി, ഹോർട്ടികൾച്ചർ, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് കിരോഡി ലാൽ മീണയായിരുന്നു.
‘‘ഇനിയങ്ങോട്ടും ജനങ്ങൾക്കും ഞാൻ പ്രതിനിധീകരിക്കുന്ന സമുദായത്തിനും വേണ്ടി പ്രവർത്തിക്കും. സംവരണ സമ്പ്രദായം നിർത്തലാക്കുമെന്ന പ്രചരണം തെറ്റാണ്. ഈ പ്രചരണം ഉപയോഗിച്ചാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്’’ – കിരോഡി ലാൽ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കിഴക്കൻ രാജസ്ഥാനിലെ ഏഴ് ലോക്സഭാ സീറ്റുകളിൽ ഏതെങ്കിലുമൊന്ന് പാർട്ടി പരാജയപ്പെട്ടാൽ മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് കിരോഡി ലാൽ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വാക്കു പാലിച്ച് അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.