പാപ്പച്ചനെ കാറിടിപ്പിച്ചു കൊന്നശേഷം പ്രതികൾ താമസിച്ചത് തമ്മനത്ത്; കൊച്ചിയിലും തെളിവെടുപ്പ്
Mail This Article
കൊച്ചി ∙ കൊല്ലം ആശ്രാമത്തു ബിഎസ്എൻഎൽ റിട്ട. അസി.മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുമായി കൊച്ചിയിലും തെളിവെടുപ്പ്. കേസിലെ ഒന്നാം പ്രതി പോളയത്തോട് സ്വദേശി അനിമോൻ, അഞ്ചാം പ്രതിയും കാറിന്റെ ഉടമയുമായ പോളയത്തോട് ഹാഷിഫ് അലി എന്നിവരെയാണ് എറണാകുളത്ത് എത്തിച്ചത്. കൊലപാതകത്തിനു ശേഷം ഇരുവരും കൊച്ചിയിലേക്കു കടന്നിരുന്നു എന്നാണു ചോദ്യംചെയ്യലിൽ ലഭിച്ച വിവരം.
കൊച്ചി തമ്മനത്തുള്ള സ്വകാര്യ ലോഡ്ജിലാണ് ഇരുവരും മുറിയെടുത്തു താമസിച്ചത്. ഇതോടെയാണ് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പാപ്പച്ചനെ ഇടിച്ചിട്ട കാർ ഓടിച്ചിരുന്നത് അനിമോൻ ആയിരുന്നു. കേസിലെ ഒന്നാം പ്രതി സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരായിരുന്ന സരിതയുടെ ക്വട്ടേഷൻ പ്രകാരമായിരുന്നു ഇത്. രണ്ടാം പ്രതി ഓട്ടോറിക്ഷ ഡ്രൈവർ മാഹിൻ, നാലാം പ്രതി ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് എക്സിക്യൂട്ടീവ് കെ.പി.അനൂപ് എന്നിവർ നേരത്തേതന്നെ അറസ്റ്റിലായിരുന്നു.
അപകടമരണമെന്ന് പൊലീസ് തുടക്കത്തിൽ വിധിയെഴുതിയ കേസാണു മരണത്തിൽ സംശയമുണ്ടെന്ന മകളുടെ പരാതിയെ തുടർന്ന് വിശദമായി അന്വേഷിച്ചതും പ്രതികൾ പിടിയിലായതും. ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്ന പാപ്പച്ചന്റെ 80 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ഇതു പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയും ചെയ്തു എന്നാണ് കേസ്.