പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചെന്ന കേസ്: തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
Mail This Article
കൊച്ചി ∙ കൊച്ചിയിൽ പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചെന്ന കേസിൽ ഓസ്ട്രേലിയൻ വനിത സാറ ഷെലൻസ്കി മിഷേലിന് (37) എതിരായ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഐപിസി 153–ാം വകുപ്പു പ്രകാരമാണു ഫോർട്ട്കൊച്ചി പൊലീസ് ഏപ്രിൽ 16ന് ജൂതവംശജ മിഷേലിനെതിരെ കേസെടുത്തത്. മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിയിലായിരുന്നു കേസ്.
എസ്ഐഒ പ്രവർത്തകർ ഫോർട്ട്കൊച്ചിയിൽ ഉയർത്തിയ പലസ്തീൻ അനുകൂല പോസ്റ്റർ നശിപ്പിച്ചു എന്നായിരുന്നു പരാതി. ജങ്കാർ ജെട്ടിക്കു സമീപം സ്ഥാപിച്ച ബോർഡുകൾ രണ്ട് വനിതാ ടൂറിസ്റ്റുകൾ നിയമവിരുദ്ധമായി നശിപ്പിച്ചെന്നും സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവൃത്തിയാണിത് എന്നുമായിരുന്നു എസ്ഐഒ ഏരിയ സെക്രട്ടറി നൽകിയ പരാതി. ഏപ്രിൽ 18ന് പൊലീസിൽ ഹാജരായ ഹർജിക്കാരിയെ കോടതിയിൽ ഹാജരാക്കി ജാമ്യം അനുവദിച്ചിരുന്നു. കോടതി നടപടികളുടെ ദുരുപയോഗമാണെന്നും അന്തിമ റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.