അവധി തുടരും; ശനിയാഴ്ച പ്രവൃത്തിദിവസമാക്കിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു
Mail This Article
തിരുവനന്തപുരം∙ ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിലെ 10ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണു പിൻവലിച്ചത്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെ ശനിയാഴ്ചകളിൽ ക്ലാസുണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണു സർക്കാർ തീരുമാനം. അധ്യാപക സംഘടനകളുടെയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെയും ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് എ.സിയാദ് റഹ്മാൻ നേരത്തെ ഉത്തരവ് റദ്ദാക്കിയത്. വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ടവർ എന്നിവരുമായി കൂടിയാലോചിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയതിനെതിരെ അധ്യാപക സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിനു പുറമെ സിപിഐയുടെ അധ്യാപക സംഘടനയും എതിർപ്പ് പരസ്യമാക്കി. സിപിഎമ്മിന്റെ അധ്യാപക സംഘടനയും സർക്കാരിനെ എതിർപ്പറിയിച്ചു. ഒരു അധ്യയന വർഷം 220 പ്രവൃത്തിദിവസങ്ങൾ വേണമെന്നു കേരള വിദ്യാഭ്യാസ ചട്ടം പറയുന്നു. 2022ൽ ഇത് 195 ആയിരുന്നു. 2023ൽ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം 204 ആക്കി ഉയർത്തുകയും ഇക്കൊല്ലം 210 ദിവസമാക്കാൻ നിർദേശിക്കുകയും ചെയ്തു.
എന്നാൽ 204 മതിയെന്നായിരുന്നു ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മേൽനോട്ട സമിതിയുടെ ശുപാർശ. എന്നാൽ ചട്ടപ്രകാരമുള്ള അധ്യയന ദിനങ്ങൾ കുറയ്ക്കുന്നതിനെതിരെ ചില സ്കൂളുകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തിൽ കോടതി നിർദേശം അനുസരിച്ചു ഹിയറിങ് നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. അതിനിടെയാണു ജൂണിൽ പ്രവൃത്തിദിവസങ്ങൾ 220 ആക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.