‘അതെന്താ പൊലീസുകാര്‍ക്ക് ഓണമില്ലേ?’: ആത്മഹത്യയും സ്വയം വിരമിക്കലും തുടർക്കഥ; എന്നും ‘ചവിട്ടിത്താഴ്ത്തപ്പെടുന്നവർ’!
Mail This Article
തിരുവനന്തപുരം∙ ‘അതെന്താ പൊലീസുകാര്‍ക്ക് ഓണമില്ലേ, കുടുംബത്തിനൊപ്പം ഓണം കൂടണമെന്ന് അവര്‍ക്കും ആഗ്രഹമില്ലേ’ - ഓണത്തിന് അവധിയില്ലെന്ന പത്തനംതിട്ട എസ്പിയുടെ ഉത്തരവ് കാണുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമാണിത്. മാവേലിയെത്തുമ്പോള്‍ നാടും നാട്ടുകാരും സന്തോഷമായിരിക്കാന്‍ പണിയെടുക്കുന്നവരെ ഓണക്കാലത്തും ചവിട്ടിത്താഴ്ത്തരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അടക്കംപറച്ചില്‍. അമിത ജോലിഭാരവും മാനസിക പിരിമുറുക്കവും മൂലം പൊലീസില്‍ ആത്മഹത്യ വര്‍ധിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നിയമസഭയില്‍ വരെ എത്തി നില്‍ക്കുമ്പോഴാണ് ഇത്തരം ഉത്തരവുകളെന്നതും ശ്രദ്ധേയമാണ്.
പത്തനംതിട്ട ജില്ലയില്‍ പൊലീസുകാരുടെ എണ്ണം പരിമിതമാണെന്നും ആ സാഹചര്യത്തില്‍ കുറച്ചു പൊലീസുകാരെ വച്ച് ഓണക്കാലത്ത് അധിക സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നും ഉത്തരവില്‍ എസ്പി വി.അജിത്ത് പറയുന്നുണ്ട്. വിചിത്രമായ ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സേന നേരിടുന്ന കടുത്ത ആള്‍ക്ഷാമമാണ് ഇത്തരം ഉത്തരവുകള്‍ക്കു പിന്നില്‍. ക്രമസമാധാന വിഭാഗത്തില്‍ മാത്രം 15,075 പുതിയ പോസ്റ്റുകള്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു അയച്ചിരിക്കുകയാണ്.
പൊലീസ് സ്‌റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗത്തില്‍ നിലവില്‍ 482 സ്‌റ്റേഷനുകളിലായി 21,842 പേരാണുള്ളത്. പുതിയ ശുപാര്‍ശ നടപ്പായാല്‍ ഇത് 36,917 ആകും. ഇന്‍സ്‌പെക്ടര്‍മാരുടെ അഞ്ച് അധിക പോസ്റ്റുകള്‍, 580 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 1819 എഎസ്‌ഐമാര്‍, 6195 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 6476 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍/വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ എന്നിങ്ങനെയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റൂറലില്‍ മാത്രം 1350 അധിക പോസ്റ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ സ്‌റ്റേഷനിലും റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, ഓരോ ഡിവിഷനിലെയും ജനസാന്ദ്രത, ഓരോ മേഖലയിലെയും പ്രത്യേക ആവശ്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. തിരക്കുള്ള സ്‌റ്റേഷനുകളില്‍ 130 ഉദ്യോഗസ്ഥരും തിരക്കു കുറഞ്ഞ സ്‌റ്റേഷനുകളില്‍ 55 പേരും വേണമെന്നാണ് ആവശ്യം. തിരുവനന്തപുരം റൂറല്‍, മലപ്പുറം, പാലക്കാട്, എറണാകുളം റൂറല്‍, കോട്ടയം തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്ഷാമം നേരിടുന്നത്.
ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കിയാല്‍ ജോലിഭാരവും അതുവഴി പൊലീസുകാരുടെ മാനസിക സമ്മർദ്ദവും കുറയ്ക്കാന്‍ കഴിയുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പറയുന്നത്. പൊലീസിലെ ആത്മഹ്യ വര്‍ധിക്കുന്നതു സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചിരുന്നു. അഞ്ചു വര്‍ഷത്തിനിടെ 88 പൊലീസുകാര്‍ ആത്മഹത്യ ചെയ്തിട്ടും സേനയുടെ അംഗബലം കൂട്ടാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. ശരാശരി 44 പൊലീസുകാരെ വച്ചാണ് 118 പൊലീസുകാരുടെ ജോലി ഒരു സ്‌റ്റേഷനില്‍ ചെയ്യുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞത് സേനയുടെ ആള്‍ക്ഷാമത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതായിരുന്നു. സേനയില്‍ ഓരോ വര്‍ഷവും ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.
കൂടുതല്‍ ആത്മഹത്യകള്‍ക്കു പിന്നിലും കുടുംബ പ്രശ്‌നങ്ങളാണ് കാരണം എന്നാണു കണ്ടെത്തല്‍. 2019 ജനുവരി മുതലുള്ള കണക്കു പ്രകാരം ഇരുന്നൂറോളം പേര്‍ പൊലീസില്‍നിന്നു സ്വയം വിരമിക്കല്‍ തിരഞ്ഞെടുത്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങളും കുടുംബപ്രശ്‌നങ്ങളുമാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സേനയ്ക്കുള്ളിലെ സമ്മർദ്ദമാണ് കുടുംബപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളിലേക്ക് പൊലീസുകാരെ തള്ളിവിടുന്നതെന്നാണ് സംഘടനാ ഭാരവാഹികള്‍ പറയുന്നത്.
വിവാഹവാര്‍ഷികത്തിനും ജന്മദിനത്തിനും പൊലീസുകാര്‍ക്ക് അവധി നല്‍കണമെന്ന് 2019ല്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെങ്കിലും സ്‌റ്റേഷനിലെ ആള്‍ക്ഷാമം കാരണം ഇതൊന്നും നടക്കാറില്ല. എട്ടുമണിക്കൂര്‍ ജോലി എന്ന ആവശ്യം പെട്ടെന്നു നടപ്പാക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. തിരക്കുള്ള 52 സ്‌റ്റേഷനുകളില്‍ നടപ്പാക്കിയെന്നും കൂടുതല്‍ സ്‌റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരില്‍നിന്നുള്ള സമ്മർദ്ദവുമാണ് ആത്മഹത്യകളുടെ പ്രധാന കാരണമെന്നാണ് പരാതി ഉയരുന്നത്. ആത്മഹത്യകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ല. ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് മനഃശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പറയുന്നു. ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കുറയ്ക്കാനുള്ള നടപടികളുമില്ല. 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട സാഹചര്യം മിക്ക സ്റ്റേഷനിലുമുണ്ട്. ഡ്യൂട്ടി സമ്പ്രദായം പരിഷ്‌കരിക്കണമെന്ന് പൊലീസ് അസോസിയേഷനും ഓഫിസേഴ്‌സ് അസോസിയേഷനും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പിലായിട്ടില്ല.