ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്: ഉറച്ച നിലപാടുമായി ഡബ്ല്യുസിസി, എടുത്തുപറഞ്ഞ് ഹൈക്കോടതി
Mail This Article
കൊച്ചി ∙ മലയാള സിനിമാ വ്യവസായത്തിൽ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കാനും അവ തടയുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കാനും രൂപീകരിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ ഹൈക്കോടതി അനുവദിച്ചതു വിമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടുകൾ എടുത്തുപറഞ്ഞുകൊണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിക്കാൻ കാരണക്കാരായ ഡബ്ല്യുസിസിയും സംസ്ഥാന വനിതാ കമ്മിഷനും റിപ്പോർട്ട് പുറത്തുവിടണമെന്ന നിലപാട് സ്വീകരിച്ചത് ഇക്കാര്യത്തിൽ പൊതുതാൽപര്യമുണ്ട് എന്നതിന്റെ സൂചനയാണ് എന്ന് ജസ്റ്റിസ് വി.ജി.അരുൺ വിധിന്യായത്തിൽ വ്യക്തമാക്കി.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹർജിക്കാരനായ നിർമാതാവ് സജിമോൻ പറയിലിന്റെ വ്യക്തിഗത താല്‍പര്യങ്ങളെ ഒരുവിധത്തിലും ബാധിക്കുന്നതല്ലെന്നും വ്യക്തമാക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. റിപ്പോർട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ പുറത്തുവിടുന്നതു മൂന്നാം കക്ഷികളുടെ (തേർഡ് പാർട്ടീസ്) താൽപര്യത്തെ ഹനിക്കുന്നതല്ല എന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ല എന്ന വാദത്തിന് നിലനിൽപ്പില്ല. അതുകൊണ്ടു തന്നെ റിട്ട് ഹർജി തള്ളിക്കളയുന്നു എന്നും കോടതി വ്യക്തമാക്കി. ഒപ്പം റിപ്പോര്‍ട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടവർക്ക് അതു നൽകാൻ ഒരാഴ്ച സമയം കൂടി അനുവദിക്കുന്നെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ജൂലൈ 24ന് പുറത്തുവിടുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് കോടതി സ്റ്റേ അനുവദിച്ചത്. ഒരിക്കൽ തള്ളിക്കളഞ്ഞ ശേഷം റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ വീണ്ടും സ്വീകരിച്ച സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നടപടി നിയമവിരുദ്ധമാണ്, ചില വിവരങ്ങൾ പുറത്തുവിടാതിരുന്നാലും റിപ്പോർട്ടിലെ സൂചനകൾ മൊഴി നൽകിയവരെയും കുറ്റാരോപിതരെയും വെളിപ്പെടുത്തുന്നതിന് കാരണമാകും, ഇത് അവരുടെ സ്വകാര്യതയുടെ ലംഘനമാണ്, ലൈംഗികാതിക്രമങ്ങളുടെയും അവഹേളനത്തിന്റെയും മറ്റും വിവരങ്ങൾ റിപ്പോർട്ടിലുള്ളതിനാല്‍ ഇതിലെ വിവരങ്ങൾ പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ നിർദേശിച്ചിരുന്നു, മാധ്യമ പ്രവർത്തകരാണ് വിവരങ്ങൾ ആവശ്യപ്പെട്ടത് എന്നതിനാൽ അവർക്ക് ഇതിലുള്ള വ്യക്തികളെയും സംഭവങ്ങളെയും കുറിച്ച് റിപ്പോർട്ട് ചെയ്യാനാണെന്നു വ്യക്തമാണ്, എന്നാൽ ഇതിൽ പൊതുതാല്‍പര്യം അടങ്ങിയിട്ടില്ല, മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്താൽ അത് വ്യക്തികൾക്കുണ്ടാക്കുന്ന ബുദ്ധിമുണ്ട് വളരെ അധികമായിരിക്കും തുടങ്ങിയ വാദങ്ങൾ ഹർജിക്കാർ ഉയർത്തിയതോടെയാണ് കോടതി സ്റ്റേ അനുവദിച്ചത്.
റിപ്പോർട്ട് പുറത്തുവിടാനുള്ള ഉത്തരവിനെ എതിർക്കുന്ന ഹർജിക്കാരന്റെ നിലപാടിന് നിലനിൽപ്പില്ലെന്നു സംസ്ഥാന വിവരാവകാശ കമ്മിഷൻ വാദിച്ചു. ഹർജിക്കാരന് ഇതിൽ ഒരു പങ്കുമില്ല. ഹർജിക്കാരനെ റിപ്പോർട്ട് ഒരു വിധത്തിലും ബാധിക്കുകയുമില്ല, അതുവഴി ഒരു വിധത്തിലുള്ള മൗലികാവകാശവും ലംഘിക്കപ്പെടുന്നുമില്ല. ആദ്യം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടാതിരുന്നത് റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ് എന്നതുകൊണ്ടാണ്. അതിനു ശേഷം 4 വർഷങ്ങൾക്ക് ശേഷമാണ് അപേക്ഷ പരിഗണിക്കപ്പെട്ടത്, മാത്രമല്ല, റിപ്പോർട്ടിലെ തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടത് എന്നതിനാൽ വിവരാവകാശ നിയമപ്രകാരം നിഷേധിക്കാൻ സാധിക്കില്ല. റിപ്പോര്‍ട്ട് മുഴുവനായി പരിശോധിച്ച ശേഷം ഇതിലെ വ്യക്തികളെ തിരിച്ചറിയുന്നതോ സംഭവങ്ങളോ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട് തുടങ്ങിയ വാദങ്ങളാണ് കമ്മിഷൻ ഉന്നയിച്ചത്. സംസ്ഥാന സർക്കാരും ഉത്തരവിനെ ചോദ്യം ചെയ്യാനുള്ള ഹര്‍ജിക്കാരന്റെ അവകാശത്തെ ചോദ്യം ചെയ്തു.
റിപ്പോർട്ട് പുറത്തു വിടുന്നതിനെ അനുകൂലിച്ച സംസ്ഥാന വനിത കമ്മിഷനും ഡബ്ല്യുസിസിയും ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശുപാർശകൾ മാത്രമല്ല, കമ്മിറ്റി രൂപീകരിക്കുന്നതിലേക്ക് നയിച്ച കാര്യങ്ങളും പൊതുസമക്ഷത്തിൽ ചർച്ച ചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചത്. അത് മലയാള സിനിമയിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കും. സിനിമ മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകൾ തുടരുന്നതിനു വേണ്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത് എന്നും ഇവർ വാദിച്ചു. സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും സ്ത്രീകൾക്കെതിരെയുള്ള അനീതിക്കും എതിരെ പൊരുതാനാണ് ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ടത് എന്ന് വിധിന്യായത്തിന്റെ തുടക്കത്തിൽ കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ രൂപീകരണത്തിനു ശേഷമുണ്ടായ ചില സംഭവവികാസങ്ങളാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ഡബ്ല്യുസിസിയെ പ്രേരിപ്പിച്ചത് എന്ന് കോടതി പറഞ്ഞു. മലയാള സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നതായിരുന്നു ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. 2017ൽ രൂപീകരിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി 2019 ഡിസംബറിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.
എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം ഹർജി നിലനിൽക്കില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. വ്യക്തിഗതമായി ഒരാളെ ബാധിക്കാത്തിടത്തോളം ഉത്തരവിനെതിരെ ഒരാൾക്ക് റിട്ട് ഹർജി നൽകാൻ സാധിക്കില്ല. റിപ്പോർട്ട് എങ്ങനെയാണ് ഹർജിക്കാരനെ ബാധിക്കുന്നത് എന്നത് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അറിയാനുള്ള അവകാശം ഭരണപരമായ നടപടികളിൽ ഒരു പൗരനെ ഭാഗഭാക്കുന്നതിനുള്ള പ്രധാന കാര്യങ്ങളിലൊന്നാണ്. അറിയാനുള്ള അവകാശം ഉള്ളപ്പോൾ തന്നെ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശവും പ്രധാനമാണ്. അത് പലപ്പോഴും നിയമപരമായും ധാർമികമായും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. എന്നാൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കാതിരിക്കാനുള്ള കാര്യങ്ങൾ വിവരാവകാശ കമ്മിഷൻ സ്വീകരിച്ചിട്ടുണ്ട്. ഹർജിക്കാരുടെ വാദം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ തേർഡ് പാർട്ടികളെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് വിവരാവകാശ കമ്മിഷൻ ഉറപ്പാക്കി. സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് വ്യത്യസ്തമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കമ്മിഷന് നിയമപരമായി അധികാരമുണ്ട്. അതുകൊണ്ട് വർഷങ്ങളുടെ ഇടവേളയില്‍ വ്യത്യസ്ത ഉത്തരവുകളെ ചോദ്യം ചെയ്യുന്നത് നിലനിൽക്കില്ല എന്നും കോടതി വ്യക്തമാക്കി.